ചെന്നൈ: തമിഴ് സിനിമയുടെ ചരിത്രത്തിൽ തന്റേതായ അധ്യായം രചിച്ച പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു. 84 വയസ്സായിരുന്നു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഗ്രാമീണ ജീവിതത്തിന്റെ യാഥാർഥ്യങ്ങളും മനുഷ്യബന്ധങ്ങളുടെ സൂക്ഷ്മതകളും വെള്ളിത്തിരയിൽ പകർത്തി തമിഴ് സിനിമയ്ക്ക് പുതിയ ദിശാബോധം നൽകിയ ചലച്ചിത്രകാരനായിരുന്നു ഭാരതിരാജ. ‘16 വയതിനിലേ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കി. സിഗപ്പു റോജകൾ, നിഴൽഗൾ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ, കിഴക്കു ചീമയിലെ തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന്റെ സൃഷ്ടിപ്രതിഭയുടെ തെളിവുകളാണ്.
സംവിധായകനെന്നതിലുപരി നടൻ, നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം തിളങ്ങി. 2004-ൽ പത്മശ്രീ പുരസ്കാരം ലഭിച്ച അദ്ദേഹം 2013-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ അധ്യക്ഷനുമായിരുന്നു.