മലപ്പുറം: പുറത്തൂരില്‍ ഭാരതപ്പുഴയില്‍ വീണ് ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പുറത്തുര്‍ കളൂര്‍ സ്വദേശി ഉള്ളാട്ടില്‍ മുനീറിന്‍റെ മകന്‍ മുഹമ്മദ് ബിലാലാണ് മരിച്ചത്. 14 വയസായിരുന്നു. ബുധനാഴ്ച വൈകീട്ട് മുന്നോടെ സുഹൃത്തുക്കളുമൊത്ത് എ വി എസ് കടവിനരികില്‍ ഫുട്ബാള്‍ കളിക്കുമ്പോൾ പുഴയിലേക്ക് പോയ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ബിലാലിനെ രക്ഷപ്പെടുത്താന്‍ മുഹമ്മദ് അഫ്‌നാന്‍(14) എന്ന കുട്ടി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഫ്നാനും വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയപ്പോൾ കൂടെ കളിക്കാനെത്തിയ മറ്റുള്ളവർ രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ അഫ്‌നാന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവർ ബിലാലിനെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല.

പിന്നാലെ കുട്ടികൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ ബിലാലിനെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കി ലും ജീവന്‍ രക്ഷിക്കാനായില്ല.