വാടാനപ്പള്ളിയിൽ ബൈക്കും ടോറസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. എളവള്ളി സ്വദേശി മൊയ്നുദീൻ ജീസ്തി (29) ആണ് മരിച്ചത്.

ഇന്ന് പുലർച്ച മൂന്നരയോടെയായിരുന്നു അപകടം. വാടാനപ്പള്ളിയിൽ നിന്നും ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയും, എളവള്ളിയിൽ നിന്ന് അഞ്ചാം കല്ല് വഴി വാടാനപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന യുവാവ് സഞ്ചരിച്ച ബൈക്കുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ടോറസിന് അടിയിൽപ്പെട്ട ബൈക്ക് യാത്രികനെ നാട്ടുകാരും, കണ്ടശ്ശാംകടവ് ഡി കോഡ് ആംബുലൻസ് പ്രവർത്തകരും ചേർന്ന് എങ്ങണ്ടിയൂരിലെ എം ഐ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.