കാസർകോട്: സ്വത്ത് തർക്കത്തെത്തുടർന്ന് ഉറങ്ങിക്കിടന്ന ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. പൊള്ളലേറ്റത് ഭർത്താവിന്. ഗുരുതരാവസ്ഥയിൽ.

രാജപുരത്ത് ഇന്നലെ രാത്രി ഒൻപതരയോടെയാണ് ഭാര്യയുമായി അകന്ന് കഴിയുന്ന ഭർത്താവ് ജനൽ ചില്ല് തകർത്ത് പെട്രോളൊഴിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ചെമ്പേരി പാണത്തൂർ നെല്ലിക്കുന്നിലെ 71 കാരനായ ജോസഫിനാണ് പൊള്ളലേറ്റത്. ഭാര്യ സിസിലിയെയാണ് ഇയാൾ കൊല്ലാൻ ശ്രമിച്ചത്.
സിസിലി ഉറങ്ങിക്കിടന്ന മുറിയുടെ ജനൽ ചില്ല് പുറത്തുനിന്ന് തകർത്ത് മുറിക്കുള്ളിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിനിടെ തീ ജോസഫിന്റെ ദേഹത്തേക്ക് പടർന്നു. മുറിയിലെ സാധനസാമഗ്രികൾ കത്തിനശിച്ചെങ്കിലും സിസിലിയും ഒപ്പമുണ്ടായിരുന്ന പേരക്കുട്ടിയും പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു.

ബഹളം കേട്ടെത്തിയ നാട്ടുകാർ രാജപുരം പൊലീസിൽ വിവരമറിയിക്കുകയും ജോസഫിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. നില ഗുരുതരമായതിനാൽ ഇയാളെ പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്വത്തുതർക്കമാണ് കൊലപാതകശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.