തിരുവനന്തപുരം: ശബ്ദരേഖാ വിവാദത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും സംസ്ഥാന കൗണ്‍സില്‍ അംഗം കെ എം ദിനകരനുമെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അംഗങ്ങളായിരിക്കാന്‍ പോലും ഇരുവരും യോഗ്യരല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. തന്റെ ദയ കൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നും ഇനി ഈ വിഷയത്തില്‍ ചര്‍ച്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐ സംസ്ഥാന കൗണ്‍സിലിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. വി പി ഉണ്ണികൃഷ്ണനാണ് കൗണ്‍സിലില്‍ വീണ്ടും വിഷയം എടുത്തിട്ടത്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ഇരു നേതാക്കളും ബിനോയ് വിശ്വത്തിനെതിരെ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. സിപിഐ മണ്ഡലം സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ട് കൊണ്ട് ശബ്ദരേഖ പുറത്ത് വന്നത്.
