ചെറിയ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ പൊലീസ് പിടികൂടിയ 17 കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. പൊലീസ് സ്റ്റേഷനിൽ നിന്നും വലിച്ചിറക്കി പുറത്തിട്ട ശേഷമാണ് രോഷാകുലരായ ജനക്കൂട്ടം ഇയാളെ ആക്രമിച്ചത്.

അരുണാചൽ പ്രദേശിലെ ലോവർ ദിബാങ് വാലി ജില്ലയിലെ റോയിങ്ങിലാണ് സംഭവം. അസമിൽ നിന്നും അതിഥി തൊഴിലാളിയായി അരുണാചലിൽ എത്തിയ ഇയാൾ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരുകയായിരുന്നു.
റിപ്പോർട്ടുകൾ അനുസരിച്ച്, കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്ന, റോയിംഗിലെ ഒരു സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന 6 നും 8 നും ഇടയിൽ പ്രായമുള്ള ഏഴോളം പെൺകുട്ടികളെ ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

വയറുവേദനയും മറ്റ് പ്രശ്നങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് ചില വിദ്യാർഥികളുടെ മാതാപിതാക്കൾ മക്കളെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചതോടെയാണ് പീഡനവിവരം പുറത്തായത്.