Kerala

‘ലേഡി വള്‍ച്ചര്‍ ‘ എന്ന് അപര നാമമുള്ള ജി.എസ്.ടി ജോയിന്റ് കമ്മീഷ്ണറുടെ വീട്ടില്‍ നിന്നും 14 ലക്ഷം രൂപയും 788 ഡോളറും പിടിച്ചെടുത്ത് വിജിലന്‍സ്.

കൊച്ചി: ജി.എസ്.ടി ജോയിന്റ് കമ്മീഷ്ണറുടെ വീട്ടില്‍ നിന്നും 14 ലക്ഷം രൂപയും 788 ഡോളറും പിടിച്ചെടുത്ത് വിജിലന്‍സ്. എറണാകുളം ജില്ലാ ജി.എസ്.ടി ടാക്സ് പേയര്‍ സര്‍വ്വീസ് (ജി.എസ്.ടി.ടി.പി.എസ്) ജോയിന്റ് കമ്മീഷ്ണര്‍ പ്രജനി രാജന്റെ പച്ചാളം ഇരട്ടക്കുളങ്ങര റോഡിലെ പ്രജനീ വിലാസ് വസതിയിലും തേവര ജിഎസ്ടി കോംപ്ലക്‌സിലെ സംസ്ഥാന ജോയിന്റ് കമ്മിഷണറുടെ ഓഫിസിലുമാണു വിജിലന്‍സ് ഇന്‍സ്പെക്ടര്‍ എ.ജി. ബിബിന്റെ നേതൃത്വത്തില്‍ സംഘം പരിശോധന നടത്തിയത്.

എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ വിഭാഗം ഇവര്‍ക്കെതിരെ അനധികൃത സ്വത്തു സമ്പാദനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ വിജിലന്‍സ് കോടതി റെയ്ഡ് നടത്താന്‍ അനുമതി നല്‍കി. ഇതേ തുടര്‍ന്ന് ശനിയാഴ്ച രാവിലെ 9 മണിയോടെ തേവരയിലെ ഓഫീസിലും പച്ചാളത്തെ വീട്ടിലും വിജിലന്‍സ് ഒരേ സമയാണ് റെയ്ഡ് നടത്തിയത്.

ഓഫീസില്‍ നിന്നും ചില രേഖകള്‍ കണ്ടെടുത്തതായാണ് വിവരം. വീട്ടിലെ പരിശോധന ഇപ്പോഴും തുടരുകയാണ്. പരിശോധന പൂര്‍ത്തിയായ ശേഷം പിടിച്ചെടുത്ത രേഖകളും പണവും കോടതിയില്‍ ഹാജരാക്കും. കോടതിയുടെ അനുമതിയോടു കൂടി അറസ്റ്റും ഉണ്ടാവുമെന്നാണ് വിവരം.  ഏറെ നാളായി പ്രജനി വിജിലന്‍സിന്റെ റഡാറിലായിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ എടുക്കുന്ന കേസുകളില്‍ അന്തിമ നടപടിയും അംഗീകാരവും നല്‍കേണ്ട ചുമതല പ്രജനീ രാജനായിരുന്നു.

എന്നാല്‍ വന്‍കിട നികുതി വെട്ടിപ്പുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി കേസുകള്‍ ഒത്തുതീര്‍പ്പാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിജിലന്‍സിന് ലഭിച്ച പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. നികുതി വെട്ടിപ്പ് നടത്തിയ നിരവധി ബാറുടമകളുടെ പക്കല്‍ നിന്നും ഇവര്‍ കൈക്കൂലി ചോദിച്ചു വാങ്ങുന്നത് പതിവാണെന്ന് വിജിലന്‍സിന് ലഭിച്ച പരാതിയില്‍ പറയുന്നുണ്ട്. ഓഫീസില്‍ ഇവരെ സഹപ്രവര്‍ത്തകര്‍ രഹസ്യമായി വിളിക്കുന്നത് ‘ലേഡി വള്‍ച്ചര്‍ ‘ എന്നാണ്. ഒരുമാസ് മുന്‍പ് വരെ ഇവര്‍ ഇടതു അനുകൂല സംഘടനയായ കെ.ജി.ഒ.എ യിലെ മെമ്പറായിരുന്നു. ഭരണം മാറിയപ്പോള്‍ വലത് സംഘടനയായ കെ.ജി.ഒ.യുവില്‍ അംഗത്വമെടുത്തു. സെയില്‍ ടാക്സ് ഓഫീസറായി കയറിയ പ്രജനി രാജന്‍ സ്ഥാനകയറ്റം കിട്ടിയാണ് ജോയിന്റ് കമ്മീഷ്ണര്‍ പോസ്റ്റിലെത്തിയത്. അന്ന് തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അഴിമതിക്കാരിയായ ഇവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ പാര്‍ട്ടീ സ്വാധീനം ഉപയോഗിച്ച് അതെല്ലാം നിഷ്പ്രഭമാക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top