
പാലാ: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണസഭ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പള്ളാത്തുരുത്തി സന്ദേശ വിളംബര കായൽയാത്ര സെപ്റ്റംബർ 13ന് നടക്കും. കുമരകം ബോട്ട് ജെട്ടിയിൽ നിന്ന് രാവിലെ 9 ന് ആരംഭിക്കുന്ന ഹൗസ് ബോട്ട് യാത്ര വേമ്പനാട്ട് – പുന്നമട കായലിലൂടെ 12 ന് പള്ളാത്തുരുത്തിയിലെത്തും. സഭാ രജിസ്ടാർ കെ.ടി. സുകുമാരൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ യാത്രയുടെ ഉദ്ഘാടനം ദേശീയ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നിർവ്വഹിക്കും. ചീഫ് കോ – ഓർഡിനേറ്റർ സത്യൻ പന്തത്തല സംഘടനാ സന്ദേശം നൽകും. കേരള സർവ്വകലാശാല ശ്രീനാരയണഗുരു അന്തർദ്ദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ. എം.എ.സിദ്ദിഖ് ഗുരുദേവൻ്റെ പള്ളാത്തുരുത്തി സന്ദേശത്തെ കുറിച്ച് പഠന ക്ലാസ്സ് നയിക്കും.

ആലപ്പുഴ പള്ളാത്തുരുത്തിയിൽ എത്തുന്ന യാത്രയെ സഭാ ജില്ലാ, മണ്ഡലം കമ്മറ്റികളുടെയും, ചുങ്കം 25 -ാo നമ്പർ എസ്.എൻ.ഡി പി . ശാഖാ കമ്മറ്റിയുടെയും നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് സൽസംഗം. 2 ന് മടക്കയാത്ര. വൈകുന്നേരം 5 ന് കുമരകത്ത് തിരികെയെത്തും. എസ്.എൻ.ഡി.പി.യോഗത്തിൻ്റെ 24-ാമത് വാർഷിക പൊതുയോഗത്തിൽ പങ്കെടുത്ത് ശ്രീനാരായണ ഗുരുദേവൻ നൽകിയ സന്ദേശമാണ് പള്ളാത്തുരുത്തി സന്ദേശം. ഗുരുദേവൻ ഏറ്റവും ഒടുവിൽ നൽകിയ ഈ സന്ദേശം യോഗത്തിൽ വായിച്ചത് ടി.കെ. മാധവനാണ്. മനുഷ്യരുടെ സമസ്ത പ്രശ്നങ്ങൾക്കും പരിഹാരമാകുന്ന ഈ സന്ദേശം മാനവഹൃദയങ്ങളിൽ എത്തിക്കുകയാണ് സന്ദേശ വിളംബര യാത്രകൊണ്ട് ഉദ്ദേശിക്കുന്നത്.
ഗുരുദേവ കൃതികളുടെ ആലാപനം, ശാരദാ ഭജൻസ് ഒരുക്കുന്ന ഭക്തി ഗാനാമൃതം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ ബോട്ടു യാത്രയിൽ അരങ്ങേറും.ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിൽ നിന്നുള്ള എൺപത് സഭാ പ്രവർത്തകർ യാത്രയിൽ അണിചേരും. ജില്ലാ ഭാരവാഹികളായ കെ.കെ.സരളപ്പൻ, ഡോ ബീനാ സുരേഷ്, അനിരുദ്ധൻ മുട്ടുപുറം, തമ്പി കളത്തൂർ, ഷിബു മൂലേടം ,മോഹനൻ പൂഞ്ഞാർ, കേന്ദ്രസമിതി അംഗങ്ങളായ പി.കമലാസനൻ, ഡോ. പി.ജി. സതീഷ്ബാബു, പി.ബി.തമ്പി, പ്രസന്നൻ കരീമഠം, കെ.കെ. രംഗൻ, മാതൃസഭാ നേതാക്കളായ കൃഷ്ണാ സുഭാഷ്, വിലാസിനി വൈക്കം, കുഞ്ഞുമോൾ നന്ദൻ, സതി ബൈജു മണ്ഡലം പ്രസിഡൻ്റ് ടി.എൻ.ജഗന്നിവാസ്, വൈസ് പ്രസിഡൻ്റ് വി.കെ.ഹരിദാസ് , സെക്രട്ടറി ടി.കെ. വാരിജാക്ഷൻ, എന്നിവർ നേതൃത്വം നൽകും.