Kerala

തലനിൽക്കുമ്പോൾ വാല് ആടേണ്ടതില്ല :ടി വി കെ നേതാവ് വിജയ് യെ പ്രധാനമന്ത്രിയായി ഉയർത്തികാട്ടുന്നതിനെതിരെ കോൺഗ്രസ്

നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴഗ വെട്രി കഴകം (ടി.വി.കെ) വിജയിയെ ഭാവി പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടുന്നതിനെതിരെ പരസ്യ അതൃപ്തി വ്യക്തമാക്കി കോൺഗ്രസ് രംഗത്ത്.ടി .വി.കെ നേതാക്കൾക്ക് ഇപ്പോഴും രാഷ്ട്രീയ പക്വത വന്നിട്ടില്ലെന്നും ആരാധക മനോഭാവത്തോടെയാണ് അവർ സംസാരിക്കുന്നതെന്നും തമിഴ്‌നാട് പി.സി.സി അധ്യക്ഷനും എം.പിയുമായ മാണിക്കം ടാഗോർ തുറന്നടിച്ചു. ഫാൻസ്‌ മോഡിൽ നിന്ന് മാറി സീരിയസ് രാഷ്ട്രീയത്തിലേക്ക് ടി.വി.കെ കടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടി.വി.കെയുടെ മുതിർന്ന നേതാവ് സെങ്കോട്ടയ്യൻ അടക്കമുള്ളവർ വരും ദിവസങ്ങളിൽ വിജയ് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവനകൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചർച്ചയായതോടെയാണ് വിഷയത്തിൽ വ്യക്തമായ നിലപാടുമായി കോൺഗ്രസ് നേതൃത്വം മുന്നോട്ടുവന്നത്.

മുമ്പ് കോൺഗ്രസ് – ഡി.എം.കെ സഖ്യം നിലവിൽ വന്നപ്പോൾ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ ആദ്യം പിന്തുണച്ചതും ഉയർത്തിക്കാട്ടിയതും ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിനായിരുന്നു. ഈ സാഹചര്യത്തിൽ വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ചിത്രീകരിക്കുന്നത് ‘ഇന്ത്യ’ മുന്നണിയിലെ ധാരണകൾക്ക് എതിരാണെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.

അതോടൊപ്പം ടി.വി.കെയെ നിലവിൽ ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായി കാണാൻ കഴിയില്ലെന്നും മാണിക്കം ടാഗോർ വ്യക്തമാക്കി. നിലവിൽ പാർലമെന്റിൽ പ്രതിനിധികളുള്ള (എം.പിമാർ) രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമാണ് ഇന്ത്യ സഖ്യത്തിന്റെ യോഗങ്ങളിൽ പങ്കെടുക്കാനും തീരുമാനങ്ങൾ എടുക്കാനും അർഹതയുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top