India

കേരള കോളേജ് സ്പോർട്സ് ലീഗ് വോളിബോൾ കിരീടം സെന്റ് തോമസ് കോളേജ് പാലായ്ക്ക്

 

തിരുവനന്തപുരം: ഡറ്റക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ്‌സ് നടത്തിയ പ്രഥമ കേരള കോളേജ് സ്പോർട്സ് ലീഗ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പാലാ സെന്റ് തോമസ് കോളേജ് ജേതാക്കളായി. ഇന്നലെ തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ബിഷപ്പ് മൂർ കോളേജ്, മാവേലിക്കരയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സെന്റ് തോമസ് കോളേജ് കിരീടവും ഒരു ലക്ഷം രൂപാ സമ്മാനത്തുകയും സ്വന്തമാക്കിയത്. സ്കോർ 20-25, 25-18, 34-32, 25-22.

ആദ്യ സെറ്റ് മുതൽ തന്നെ ഇരു ടീമുകളും മികച്ച പോരാട്ടം കാഴ്ചവെച്ച ഫൈനൽ ആവേശകരമായ മുഹൂർത്തങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ആദ്യ സെറ്റ് കൈവിട്ട സെന്റ് തോമസ് തുടർന്നുള്ള മൂന്ന് സെറ്റുകൾ വിജയിച്ചാണ് ജേതാക്കളായത്. നിർണായക ഘട്ടങ്ങളിൽ മികച്ച ടീം വർക്ക്, ആക്രമണ മികവ്, പ്രതിരോധം എന്നിവ പുറത്തെടുത്ത സെന്റ് തോമസ് കോളേജ് മത്സരത്തിൽ ആധിപത്യം സ്ഥാപിച്ച് ചരിത്രനേട്ടം സ്വന്തമാക്കി. പാലാ സെന്റ് തോമസ്സിലെ ബ്ലോക്കർ നവനീത് ആണ് ഫൈനലിലെ മികച്ച താരം.
സെമിഫൈനലിൽ സെന്റ് ജോർജ് കോളേജ്, അരുവിത്തുറയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് കീഴടക്കിയാണ് സെന്റ് തോമസ് ഫൈനലിൽ പ്രവേശിച്ചത് (സ്കോർ 25-23, 25-18, 16-25, 25-15). ക്വാർട്ടർ ഫൈനലിൽ മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് വിജയിച്ചാണ് സെമിഫൈനലിലേക്ക് മുന്നേറിയത്.

ലീഗ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ച സെന്റ് തോമസ് കോളേജ് ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുടയെയും, പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിനെയും അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിനെയും പരാജയപ്പെടുത്തിയാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറിയത്.
മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ സെന്റ് ജോർജ് കോളേജ്, അരുവിത്തുറ, ഹോളി ഗ്രേസ് കോളേജ്, മാളയെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി മൂന്നാം സ്ഥാനം സ്വന്തമാക്കി. ചാമ്പ്യൻഷിപ്പിലെ മികച്ച സെറ്ററായി പാലാ സെന്റ് തോമസ്സിലെ ക്യാപ്റ്റൻ അലി അക്ബറും, മികച്ച അറ്റാക്കറായി ജെബിൻ ജയിംസ് (പാലാ സെന്റ് തോമസ്), മികച്ച യൂണിവേഴ്സൽ അറ്റാക്കറായി ജോം ജോസഫ് (പാലാ സെന്റ് തോമസ്), മികച്ച ലിബറോ സൂര്യ സന്തോഷ് (പാലാ സെന്റ് തോമസ്), മികച്ച ബ്ലോക്കർ ജാസിം (ബിഷപ്പ് മോർ മാവേലിക്കര) ഭാവിയുടെ താരമായി പോൾസ് ടോമി (സെന്റ് ജോർജ് അരുവിത്തുറ) ടൂർണമെന്റിലെ മികച്ച കളിക്കാരൻ ശരൺ (ബിഷപ്പ് മോർ മാവേലിക്കര), മികച്ച സെർവർ ആയി ആയുഷ് (സെന്റ് ജോർജ് അരുവിത്തുറ) എന്നിവരെ തിരഞ്ഞെടുത്തു.

ടൂർണമെന്റിൽ അപരാജിതരായി വിവിധ സർവകലാശാലകളിലെ ചാമ്പ്യൻ ടീമുകളെ തുടർച്ചയായി കീഴടക്കി നേടിയ ഈ കിരീടം പാലാ സെന്റ് തോമസ് കോളേജിന്റെ വോളിബോൾ മികവിന്റെ മറ്റൊരു പൊൻതൂവലായി. “ചാമ്പ്യന്മാരുടെ ചാമ്പ്യന്മാർ” എന്ന പദവിയോടെയാണ് സെന്റ് തോമസ് കോളേജ് പ്രഥമ കേരള കോളേജ് സ്പോർട്സ് ലീഗ് വോളിബോൾ കിരീടം സ്വന്തമാക്കിയത്. കേരള സ്പോർട്സ് കൗൺസിൽ പരിശീലകൻ ജോബി തോമസിന്റെയും ടീം മാനേജർ ഡോ. ജിൻസ് കാപ്പന്റെയും നേതൃത്വത്തിൽ ആണ് പാലാ സെന്റ് തോമസ് കളത്തിലിറങ്ങിയത്.

ജേതാക്കൾക്കു ഞായറാഴ്ച കോളേജിൽ നടന്ന സ്വീകരണ യോഗത്തിൽ കോളേജ് മാനേജർ പാലാ രൂപതാ മുഖ്യ വികാരിജനറൽ മോൺ. ഡോ. ജോസഫ് തടത്തിൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടോജി തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ, ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കായിക വകുപ്പ് മേധാവി ഡോ. ആശിഷ് ജോസഫ്, കോളേജിന്റെ പ്രൈം വോളി ലീഗ് താരം സൂര്യ സന്തോഷ് എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top