തലമൊട്ടയടിച്ചിട്ടും സന്തോഷിനെ പോലീസ് പൊക്കി,എല്ലാ സി സി ടി വി കളും തകരാർ പക്ഷെ ഒരെണ്ണം വർക്ക്‌ ചെയ്തിരുന്നു - Kottayam Media

Kerala

തലമൊട്ടയടിച്ചിട്ടും സന്തോഷിനെ പോലീസ് പൊക്കി,എല്ലാ സി സി ടി വി കളും തകരാർ പക്ഷെ ഒരെണ്ണം വർക്ക്‌ ചെയ്തിരുന്നു

Posted on

തിരുവനന്തപുരം: മ്യൂസിയത്തില്‍ സ്ത്രീയെ ആക്രമിക്കുകയും കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറുകയും ചെയ്ത സന്തോഷിനെ പോലീസ് പിടികൂടിയത് ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍. സംഭവത്തിന് ശേഷം തന്നെ തിരിച്ചറിയാതിരിക്കാനായി സന്തോഷ് തല മൊട്ടയടിച്ചിരുന്നു. എന്നാല്‍ വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞദിവസം ഇയാളെ തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച ഉച്ചവരെ ഇയാള്‍ ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതി ഇയാള്‍ തന്നെയാണെന്ന് ഉറപ്പിച്ചതോടെ വൈകിട്ടോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മന്ത്രിമാർക്കും പ്രൈവറ്റ് സെക്രട്ടറിക്കും മാത്രമാണ് ഔദ്യോഗിക കാർ ഉപയോഗിക്കാന്‍ അനുമതിയുള്ളത്. പിഎസിന്‍റെ കാറിൽ ഡ്രൈവർ സന്തോഷ്‌ സ്ഥിരമായി കറങ്ങി നടന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.ഓരോ ദിവസവും വാഹനം ഓടിയതിന്‍റെ വിവരം ലോഗ് ബുക്കിൽ രേഖപ്പെടുത്തണം എന്നാണ് വ്യവസ്ഥ.  ഉപയോഗ ശേഷം സെക്രട്ടേറിയറ്റിൽ വാഹനം പാർക്ക് ചെയ്യുകയും വേണം. എന്നാണ് എപ്പോഴാണ് വണ്ടി എടുത്ത് കൊണ്ട് പോയതെന്ന് അറിയില്ലെന്നാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പറയുന്നത്. അനുവദിച്ച വാഹനം ഔദ്യോഗിക കാര്യങ്ങൾക്ക് ഉപയോഗിച്ചത് ലോഗ് ബുക്കിലുണ്ടെന്നും ബാക്കി കാര്യങ്ങൾ പൊലീസ് നോക്കട്ടെ എന്നും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരൻ നായർ പ്രതികരിച്ചു.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് മ്യൂസിയത്തില്‍ വനിതാ ഡോക്ടര്‍ക്ക് നേരേ അതിക്രമമുണ്ടായത്. പ്രഭാത സവാരിക്കെത്തിയ ഡോക്ടറെ ആക്രമിച്ച ശേഷം പ്രതി മ്യൂസിയം വളപ്പിലെ മതില്‍ ചാടിക്കടന്ന് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച രാത്രി കുറവന്‍കോണത്തെ വീട്ടില്‍ ഒരാള്‍ അതിക്രമിച്ചുകയറിയ സംഭവവും വാര്‍ത്തയായത്. കുറവന്‍കോണത്തുനിന്ന് പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ രണ്ടും ഒരാള്‍ തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ ആദ്യഘട്ടത്തില്‍ കഴിഞ്ഞില്ല. മ്യൂസിയത്തിലും കുറവന്‍കോണത്തും അതിക്രമം കാട്ടിയത് ഒരാള്‍ തന്നെയാണെന്ന് തിങ്കളാഴ്ചയാണ് പോലീസ് സ്ഥിരീകരിച്ചത്.

മ്യൂസിയത്തില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ മതിയായ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരുന്നതാണ് പോലീസിനെ ആദ്യം കുഴക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി നഗരത്തില്‍ പോലീസ് സ്ഥാപിച്ച ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പലക്യാമറകളും പ്രവര്‍ത്തനരഹിതമാണെന്ന് പോലീസ് തന്നെ തിരിച്ചറിഞ്ഞത്. ചില ക്യാമറകളില്‍നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ വ്യക്തതയില്ലാത്തതുമായിരുന്നു. ഇതോടെ അന്വേഷണം പ്രതിസന്ധിയിലായി. എന്നാല്‍, ഇതിനിടെ ടെന്നീസ് ക്ലബിന് സമീപത്തുനിന്ന് ലഭിച്ച മറ്റൊരു സിസിടിവി ദൃശ്യം പോലീസിന് തുമ്പായി. ടെന്നീസ് ക്ലബിന് സമീപം കാര്‍ പാര്‍ക്ക് ചെയ്ത് ഒരാള്‍ ഇറങ്ങിപ്പോകുന്നതാണ് ഈ ദൃശ്യങ്ങളിലുണ്ടായിരുന്നത്. പിന്നീട് ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

മലയിന്‍കീഴ് സ്വദേശിയായ സന്തോഷ് ജല അതോറിറ്റിയിലെ കരാര്‍ ജീവനക്കാരനാണ്. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായിരുന്നു ഇയാള്‍. സര്‍ക്കാര്‍ വാഹനത്തില്‍ കറങ്ങിനടന്നാണ് പ്രതി സ്ത്രീകളോട് അതിക്രമം കാട്ടിയിരുന്നത്. മ്യൂസിയത്തില്‍ ഇയാള്‍ എത്തിയതും സര്‍ക്കാരിന്റെ ബോര്‍ഡ് വെച്ച ഇന്നോവ കാറിലായിരുന്നു. ഈ വാഹനം റോഡില്‍ പാര്‍ക്ക് ചെയ്തശേഷമാണ് പ്രഭാതസവാരിക്കിറങ്ങിയ വനിതാ ഡോക്ടറെ കടന്നുപിടിച്ചത്.

കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത പ്രതിയെ ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. കുറവന്‍കോണത്തെ സംഭവത്തില്‍ പേരൂര്‍ക്കട പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മ്യൂസിയത്തിലെ അതിക്രമത്തില്‍ മ്യൂസിയം പോലീസും അറസ്റ്റ് രേഖപ്പെടുത്തും. പ്രതിയുമായി ബുധനാഴ്ച തന്നെ തെളിവെടുപ്പും നടത്തും.മ്യൂസിയത്തില്‍ ആക്രമണത്തിനിരയായ വനിതാ ഡോക്ടര്‍ ബുധനാഴ്ച രാവിലെ പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനിലെത്തി പ്രതിയെ തിരിച്ചറിഞ്ഞു. പിടിയിലായ സന്തോഷ് തന്നെയാണ് ആക്രമിച്ചതെന്ന് പരാതിക്കാരി പോലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version