Kottayam

എക്‌സൈസിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധന; മോഷ്ടിച്ച ബൈക്കുകളിൽ കഞ്ചാവുമായി കറങ്ങി നടന്ന രണ്ടു യുവാക്കൾ എക്‌സൈസിന്റെ പിടിയിൽ; പിടിയിലായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത യുവാവ്

കോട്ടയം: എക്‌സൈസിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയ്ക്കിടെ പ്രായപൂർത്തിയാകാത്ത യുവാവ് അടക്കം രണ്ടു പേരെ കഞ്ചാവും മോഷ്ടിച്ച ബൈക്കും അടക്കം പിടികൂടി. കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌ക്വാഡ് സംഘമാണ് രണ്ടു പേരെയും കുടമാളൂർ ഭാഗത്ത് നിന്നും പിടികൂടിയത്. കുടമാളൂർ മറിയൻപറമ്പിൽ വീട്ടിൽ ഏബൽ ജിജോ ജോർജ് (18), ഇടുക്കി സ്വദേശിയായ പ്രായപൂർത്തിയാകാത്ത യുവാവ് എന്നിവരെയാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌ക്വാഡ് ഇൻസ്‌പെക്ടർ ദർശക് ആറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇന്ന് വൈകിട്ട് അഞ്ചരയോടെ കോട്ടയം കുടമാളൂർ ഭാഗത്തായിരുന്നു സംഭവം. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് ഏബലിനെയും, ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയെയും കണ്ടത്. തുടർന്ന്, ഇവരുടെ ശരീര പരിശോധന നടത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കയ്യിൽ നിന്നും എട്ടു ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇടുക്കിയിൽ നിന്നും ഇയാൾ കൊണ്ടു വന്നതായിരുന്നു കഞ്ചാവ് എന്ന് കുട്ടി എക്‌സൈസ് സംഘത്തോട് സമ്മതിച്ചു.

തുടർന്ന്, നടത്തിയ പരിശോധനയിലാണ് ഇവരുടെ പക്കലുണ്ടായിരുന്ന രണ്ട് ബൈക്കുകൾ മോഷ്ടിച്ചതാണ് എന്ന് കണ്ടെത്തിയത്. മണർകാട്, കൊച്ചി വൈറ്റില്ല എന്നിവിടങ്ങളിൽ നിന്നാണ് രണ്ട് ബൈക്കുകൾ ഇരുവരും മോഷ്ടിച്ചതെന്ന് എക്‌സൈസ് സംഘം കണ്ടെത്തി. ഇരുവരും മുൻപ് പാമ്പാടി, ഗാന്ധിനഗർ, മണർകാട് എന്നിവിടങ്ങളിൽ വിവിധ കേസുകളിൽ പ്രതികളാണ്. ഗാന്ധിനഗർ ഭാഗത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും രണ്ടു ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലും ഏബൽ പ്രതിയാണ് എന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഇരുവരും മോഷ്ടിച്ച ബൈക്കുകളുമായി രണ്ടു പേരെയും പാമ്പാടി, മണർകാട് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ടു പേരും തിരുവഞ്ചൂർ കറക്ഷൻ ഹോമിൽ നിന്നാണ് പരിചയപ്പെട്ട് സുഹൃത്തുക്കളായതെന്നും എക്‌സൈസ് സംഘം പറഞ്ഞു.

എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌ക്വാഡ് ഇൻസ്‌പെക്ടർ ദർശക് ആർ, അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബി.ആനന്ദ് രാജ്, ഹരിഹരൻപോറ്റി, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ ശ്യാംകുമാർ, അഫ്‌സൽകുട്ടി, സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ.യേശുദാസ്, ദീബീഷ്, ദീപക് സോമൻ, സിവിൽ എക്‌സൈസ് ഓഫിസർ അമൽഷാ, മാഹിൻ കുട്ടി, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ കെ.വി പ്രിയ, ലക്ഷ്മി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top