ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കേസിൽ കോട്ടയം ഈരാറ്റുപേട്ട സ്വദേശിക്ക് 11 കോടിയോളം രൂപ പിഴ - Kottayam Media

Kerala

ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കേസിൽ കോട്ടയം ഈരാറ്റുപേട്ട സ്വദേശിക്ക് 11 കോടിയോളം രൂപ പിഴ

Posted on

ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കേസിൽ മലയാളി യുവാവിന് സൗദി അറേബ്യയിൽ 11 കോടിയോളം രൂപ പിഴ. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ മുനീറിനാണ് (26) ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കേസിൽ ദമ്മാം ക്രിമിനൽ കോടതി കനത്ത പിഴയും നാടുകടത്തലും ശിക്ഷിച്ചത്. 52,65,180 സൗദി റിയാൽ (11 കോടിയിലധികം ഇന്ത്യൻ രൂപ) ആണ് കോടതി ചുമത്തിയിരിക്കുന്ന പിഴ. മൂന്ന് മാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

 

 

സൗദി അറേബ്യയേയും ബഹ്‌റൈനിനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയിൽ കസ്റ്റംസ് പരിശോധനക്കിടെ ഇയാൾ പിടിയിലാകുകയായിരുന്നു. നാലായിരത്തോളം മദ്യകുപ്പികളാണ് ഇയാളുടെ ട്രെയിലറിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചത്. എന്നാൽ ട്രെയിലറിൽ മദ്യക്കുപ്പികളായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് യുവാവ് കോടതിയിൽ വാദിച്ചെങ്കിലും തെളിവുകൾ എതിരായിരുന്നു. കേസിൽ അപ്പീൽ കോടതിയിൽ നിരപരാധിത്വം തെളിയിക്കാൻ കോടതി ഒരുമാസം സമയം അനുവദിച്ചിട്ടുണ്ട്.

 

 

നാലു വർഷമായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് ശിക്ഷിക്കപ്പെട്ട മലയാളി യുവാവ്. പിഴയടച്ചാൽ കരിമ്പട്ടികയിൽ പെടുത്തി നാടുകടത്തും. പിടികൂടിയ മദ്യത്തിന്റെ വിലക്കനുസരിച്ചാണ് ഇത്തരം കേസുകളിൽ പിഴ ചുമത്തുന്നത്. പിഴ അടച്ചില്ലെങ്കിൽ പിഴക്ക് തുല്യമായ കാലയളവിൽ ജയിലിൽ കഴിയേണ്ടി വരും. പിന്നീട് സൗദി അറേബ്യയിലേക്ക് തിരിച്ചുവരാനാകില്ല. ഇത്തരം കേസിൽ സമീപകാലത്ത് ലഭിച്ച ഏറ്റവും വലിയ പിഴ ശിക്ഷയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version