കാര്യവട്ടം സ്പോര്‍ട്സ് ഹബ്  സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയ ഇന്ത്യന്‍ ക്രിക്കറ്റ്:ടി20 മത്സരത്തിലൊന്ന് ഇവിടെ തന്നെ - Kottayam Media

Kerala

കാര്യവട്ടം സ്പോര്‍ട്സ് ഹബ്  സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയ ഇന്ത്യന്‍ ക്രിക്കറ്റ്:ടി20 മത്സരത്തിലൊന്ന് ഇവിടെ തന്നെ

Posted on

തിരുവനന്തപുരം: കാര്യവട്ടം സ്പോര്‍ട്സ് ഹബ്  സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര മത്സരത്തിന് വേദിയാവും. സെപ്റ്റംബറില്‍ ഓസ്‌ട്രേലിയ ഇന്ത്യന്‍ പര്യടനത്തിനെത്തുമ്പോള്‍ ഒരു മത്സരം ഇവിടെ കളിക്കും. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഐപിഎല്ലിനും ലോകകപ്പിനും ഇടയില്‍ ഇന്ത്യ കളിക്കുന്ന നാലാമത്തെ ടി20 പരമ്പരയായിരിക്കുമിത്.

നേരത്തെ നശിച്ചുതുടങ്ങിയ സ്‌റ്റേഡിയത്തിന്റെ ഭാഗങ്ങളെല്ലാം കേരള ക്രിക്കറ്റ് അസോസിയേഷന്‍ നന്നാക്കിയെടുത്തു. കരസേന റിക്രൂട്ട്മെന്റ് റാലി, തെരഞ്ഞെടുപ്പ് പ്രചാരണറാലി എന്നിവക്ക് സ്റ്റേഡിയം വിട്ട് കൊടുത്തതോടെയാണ് കാര്യവട്ടം സ്റ്റേഡിയം നശിച്ചത്. അറ്റകുറ്റപണി നടത്താത്തതോടെ സ്റ്റേഡിയം പൂര്‍ണ്ണമായും ഉപയോഗശൂന്യമായി. ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പടെ ഇക്കാര്യം പുറത്ത് കൊണ്ട് വന്നതോടെ കായികമന്ത്രി അബ്ദുറഹ്മാന്‍ ഇടപെട്ടു.

 

കേരളക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം ഒന്നരകോടി മുടക്കി പുതുക്കിപ്പണിതു. പിന്നീട് വനിതാ സീനിയര്‍ ട്വന്റി 20 ലീഗ് ഡേ നൈറ്റ് മത്സരത്തിനാണ് സ്റ്റേഡിയം വേദിയായിത് ഒഡിഷ, തമിഴ്നാട്, ത്രിപുര, ഛത്തീസ്ഗഡ്, ബിഹാര്‍, ജാര്‍ഖണ്ഡ് ടീമുകളാണ് കാര്യവട്ടത്ത് മാറ്റുരച്ചത്. സ്റ്റേഡിയം പുതുക്കിപണിതെങ്കിലും സര്‍ക്കാര്‍ ഏറ്റെടുത്ത് അറ്റകുറ്റപണി നടത്തണമെന്നാണ് കെസിഎയുടെ ആവശ്യം.

 

നേരത്തെ ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഒരു മത്സരം ഇവിടെ അനുവദിച്ചെങ്കിലും കോവിഡ് കാരണം ഒഴിവായി. ജൂണില്‍ ഒരു മത്സരം കിട്ടേണ്ടതായിരുണെങ്കിലും മഴ പ്രശ്‌നമാവും. രണ്ട് ട്വന്റി ട്വന്റിയും ഒരു ഏകദിനവും 10 എ ക്ലാസ് മത്സരങ്ങളും നടന്ന സ്റ്റേഡിയം വീണ്ടും ഒരു അന്താരാഷ്ട്രമത്സരത്തിന് തയ്യാറെടുക്കയാണ്.

ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കെതിരെ നടക്കുന്ന പരമ്പര ഇന്ത്യക്ക് ഗുണം ചെയ്യും. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ് നടക്കുക. 2021 യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് എന്നിവരോട് ഇന്ത്യ തോല്‍ക്കുകയുണ്ടായി. ഇത്തവണയും പാകിസ്ഥാനെ നേരിട്ടുകൊണ്ടാണ് ഇന്ത്യയുടെ ലോകകപ്പ് ക്യാംപെയ്ന്‍ ആരംഭിക്കുന്നത്. ലോകകപ്പിന് ശേഷം ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയിലെത്തും.

 

ഐപിഎല്ലിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര കളിക്കുന്നുണ്ട്. ജൂണ്‍ ഒമ്പത് മുതല്‍ 19 വരെയാണ് പരമ്പര. പിന്നാലെ രണ്ട് ടി20 മത്സരങ്ങള്‍ക്കായി ഇന്ത്യ അയര്‍ലന്‍ഡിലേക്ക് പുറപ്പെടും. പിന്നാലെ ഇംഗ്ലണ്ടിലെത്തുന്ന ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് കളിക്കും. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയില്‍ മാറ്റിവച്ച അവസാന ടെസ്റ്റിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരിക. ശേഷം മൂന്ന് ടി20- ഏകദിന മത്സരങ്ങളും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version