
ഈരാറ്റുപേട്ട: കുടുബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് പൂഞ്ഞാർ എംഎൽഎ അഡ്വ. എം. ജെ.സെബാസ്റ്റ്യൻ്റെയും നഗരസഭ ചെയർപേഴ്സൺ അഡ്വ വി.പി. നാസറിൻ്റെയും നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കൾ ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരന് നിവേദനം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇല്ല്യാസ്,മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അനസ് നാസർ, കോൺഗ്രസ് നേതാക്കളായ പി.എച്ച്. നൗഷാദ്, ഷിയാസ് സി.സി. എം മുസ്‌ലിം ലീഗ് പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റ് റാസി ചെറിയവല്ലം ,നഗരസഭ മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.എ. മുഹമ്മദ് ഹാഷിം ജനറൽ സെക്രട്ടറി കെ.എ. മാഹിൻ എന്നിവർ നിവേദന സംഘത്തിലു ണ്ടായിരുന്നു.

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് നഗരസഭ കൗൺസിൽ ജൂൺ 1 ന് ഏകകണ്ഠമായി പ്രമേയം പാസ്സാക്കീ യിരുന്നു.ഈരാറ്റുപേട്ട നഗരസഭയിലെ സർക്കാർ കുടുംബാരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ 2019 ജനുവരി 1 ന് ഉത്തരവിട്ടിരുന്നു.24-08-2020 ൽ കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പ്രോപ്പോസൽ സമർപ്പിക്കുകയും ചെയ്തതാണ്. തുടർന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഇ പ്രോപ്പോസൽ സർക്കാരിൽ സമർപ്പിച്ചിട്ടുള്ളതുമാണ്.
18-09-2020 ൽ കോട്ടയം ജില്ലാ പഞ്ചായത്തും ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരള ഹൈക്കോടതി 2021 ജനുവരി 18 ന് ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരുകൾ ഈ ഉത്തരവുകളൊന്നും നടപ്പിലാക്കിയിരുന്നില്ലായെന്ന് നിവേദനത്തിൽ പറയുന്നു.
കോട്ടയം ജില്ലയിലെ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ മാത്രമാണ് താലൂക്കാശുപത്രിയില്ലാത്തത്.കോട്ടയം ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിൽ താലൂക്കാശുപത്രിയോ, ജനറൽ ആശുപത്രിയോ, മെഡിക്കൽ കോളേജ് ആശുപത്രിയോ നിലവിണ്ട് . അതുകൊണ്ട് ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്.
പടം . ഈരാറ്റുപേട്ട കുടുബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രി ഉയർത്തണമെന്നാവശ്യപ്പെട്ട് എം.എൽ.എ അഡ്വ എം. ജെ.സെബാസ്റ്റ്യൻ്റെയും നഗര ചെയർ പേഴ്സൺ അഡ്വ. വി.പി. നാസറിൻ്റെ നേതൃത്വത്തിൽ യു .ഡി . എഫ് നേതാക്കൾ ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരന് നിവേദനം നൽകുന്നു.