ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിൽ സന്തോഷം പങ്കുവെച്ച് അരൂർ നിയുക്ത എംഎൽഎ ഷാനിമോൾ ഉസ്മാൻ. കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രവർത്തനമാണ് മണ്ഡലത്തിലെ വിജയത്തിന് കാരണമെന്നും തുടക്കം മുതൽ വിജയം സുനിശ്ചിതമായിരുന്നുവെന്നും അവർ പറഞ്ഞു. വിജയത്തിന് പിന്നാലെ പാർട്ടിയിലെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ചും മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ചും അവർ തന്റെ നിലപാടുകൾ വ്യക്തമാക്കി.

കോൺഗ്രസിനുള്ളിലെ വനിതകൾ എല്ലാ കാലത്തും ആവശ്യപ്പെടുന്ന കാര്യമാണ് മതിയായ സീറ്റുകൾ നൽകണമെന്നത്. ഇത്തവണ മികച്ച വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനും അവരെ വിജയിപ്പിക്കാനും സാധിച്ചു. എന്നാൽ ഇതിൽ തൃപ്തരല്ലെന്നും ഇനിയും കൂടുതൽ വനിതകളെ സഭകളിലേക്ക് എത്തിക്കണമെന്നും ഷാനിമോൾ പറഞ്ഞു. പുതിയ യുഡിഎഫ് മന്ത്രിസഭയിൽ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീപക്ഷവാദിയായ താൻ പദവികളേക്കാൾ ഉപരിയായി സ്ത്രീകളുടെ പ്രശ്നങ്ങളിൽ എന്നും ഇടപെടുമെന്നും അവർ കൂട്ടിച്ചേർത്തു. കേരളത്തിൽ വനിതാ മുഖ്യമന്ത്രി വേണമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ ഷാനിമോൾ ഉസ്മാൻ വിശദീകരിച്ചു. രാഹുൽ ഗാന്ധി പറഞ്ഞത് വാക്കുകളുടെ അർത്ഥത്തിലല്ല വിശകലനം ചെയ്യേണ്ടതെന്ന് അവർ പറഞ്ഞു.