മകരവിളക്ക് ഉത്സവത്തെ ഒമിക്രോൺ ബാധിച്ചെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ - Kottayam Media

Kerala

മകരവിളക്ക് ഉത്സവത്തെ ഒമിക്രോൺ ബാധിച്ചെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ

Posted on

മകരവിളക്ക് ഉത്സവത്തെ ഒമിക്രോൺ ബാധിച്ചെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ. തീർത്ഥാടകർക്ക് വലിയ ആശങ്കയുണ്ട്. കഴിഞ്ഞ നാല് ദിവസം തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായി ശബരിമലയിൽ പാലിക്കാനാകുന്നില്ല. വരുമാനത്തിലും കുറവുണ്ടായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും നാളെയാണ് ശബരിമലയിൽ മകരവിളക്ക്. മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര നാളെ ഉച്ചയോടെ വലിയാന വട്ടത്ത് എത്തിച്ചേരും. അവിടെ വച്ച് ദേവസ്വം ബോർഡ് അധികൃതരും ഭക്തരും ചേർന്ന് ആചാരപരമായ വരവേൽപ്പ് നൽകും. എരുമേലി പേട്ടതുള്ളലിന് ശേഷം പരമ്പരാഗത കാനന പാത വഴി പുറപ്പെട്ട അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾ പമ്പയിലെത്തി പമ്പാ സദ്യയും പമ്പാ വിളക്കും ഇന്ന് നടക്കും.

സന്നിധാനത്തെ ശുദ്ധിക്രിയകൾ ഇന്ന് ഉച്ചയോടെ പൂർത്തിയാകും. സംക്രമാഭിഷേകത്തിനുള്ള നെയ് തേങ്ങ കഴിഞ്ഞ ദിവസം കവടിയാർ കൊട്ടരത്തിൽ നിന്ന് സന്നിധാനത്ത് എത്തിച്ചു. ശബരിമല സന്നിധാനം പമ്പ എന്നിവിടങ്ങളില്‍ മകരവിളക്ക് കാണാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാണ്ടി താവളത്തില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുമെങ്കിലും പര്‍ണശാലകള്‍ കെട്ടനോ പാചകത്തിനോ അനുമതി ഉണ്ടാകില്ല. രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ 72 മണിക്കൂറിനകമെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ തീർത്ഥാടകർ കൈയിൽ കരുതണം. തീർത്ഥാടകർക്ക് ദർശനം 19 ആം തിയതിവരെയായിരിക്കും. 20 ന് നട അടയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version