
രാമപുരം :ക്രൈസ്തവ മൂല്യങ്ങളിൽ അധിഷ്ഠിതമായ സേവന പ്രവർത്തനങ്ങളിലൂടെ യുവജനങ്ങളുടെ വിശ്വാസപരവും സാമൂഹികവും സാംസ്കാരികവും ശാരീരികവുമായ വികസനത്തിന് ഊന്നൽ നൽകുക എന്ന ലക്ഷ്യവുമായി എസ്. എം. വൈ. എം – കെ. സി. വൈ. എം രാമപുരം ഫൊറോനയുടെ 2025-2026 പ്രവർത്തന വർഷത്തിൻ്റെ ഉദ്ഘാടനം രാമപുരം സെൻ്റ്. അഗസ്റ്റിൻസ് പള്ളി ഹാളിൽ വച്ച് നടത്തപ്പെട്ടു. രൂപതാ പ്രസിഡൻ്റ് ശ്രീ. മിജോ ജോയി കുന്നത്താനിയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ചടങ്ങിൽ സംഘടനയുടെ ഈ വർഷത്തെ കർമ്മരേഖയുടെ പ്രകാശനവും നടത്തപ്പെട്ടു.പ്രസിഡന്റ് ജെഫിൻ റോയ് എലിപ്പുലിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ റവ. ഫാ. അബ്രാഹം കുഴിമുള്ളിൽ മുഖ്യപ്രഭാഷണം നടത്തി. രാമപുരം ഇടവക വികാരി വെരി. റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അനുഗ്രഹപ്രഭാഷണം നടത്തുകയും രാമപുരം ഗ്രാമപഞ്ചായത്ത് മെമ്പർ ആൻസ്മരിയ ജോസ് ഇടമനശ്ശേരിയിലിനെ ആദരിക്കുകയും ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.
കഴിഞ്ഞവർഷത്തെ എക്സിക്യൂട്ടീവ് അംഗങ്ങളെയും പ്രസ്തുത യോഗത്തിൽ ആദരിക്കുകയുണ്ടായി. ജനറൽ സെക്രട്ടറി ജോയ്സ് ജോമോൻ ഞാവള്ളിൽ സ്വാഗതവും വൈസ് പ്രസിഡൻ്റ് നേഹാ സ്കറിയ നന്ദിയും ആശംസിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.