കോട്ടയം : ഇന്നുമുതൽ പകലും രാത്രിയിലുമായി പ്രധാന റോഡുകളിലും ഇടറോഡുകളിലടക്കം കർശന പരിശോധനയുമായി പൊലീസ് സാന്നിദ്ധ്യമുണ്ടാകും. മയക്കുമരുന്നുകളുടെ ഉപയോഗം, അനധികൃത മദ്യവിൽപന തുടങ്ങിയവ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ താലൂക്കുകൾ കേന്ദ്രീകരിച്ച് രഹസ്യവിവരം ശേഖരിക്കുന്നതിന് പ്രത്യേക സംഘമുണ്ട്.

സ്ത്രീകളുടെയും കുട്ടികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന് മഫ്തി പൊലീസിനെയും വനിത പൊലീസുദ്യോഗസ്ഥരെയും നിയോഗിക്കും. ജില്ലാ അതിർത്തികളിൽ വാഹന പരിശോധനയുണ്ടാകും. പുതുവത്സരാഘോഷം നടത്തുന്ന സംഘടനകളും സംഘാടകരും അതത് പൊലീസ് സ്റ്റേഷനിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം.
ലഹരി വിൽപ്പനയ്ക്കും ഉപയോഗത്തിനുമെതിരെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡിന്റെ പരിശോധനയുമുണ്ടാകും. ജനുവരി ഒന്ന് പുലർച്ചെ ഒന്നു വരെ വരെ മാത്രമാണ് ആഘോഷങ്ങൾക്ക് അനുമതി.