ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ചയും ക്രിസ്മസ് അവധിക്കാലവും പ്രമാണിച്ച് ഭക്തരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. ഈ തിരക്കിനിടയിലും ക്ഷേത്രസന്നിധിയിൽ 140 വിവാഹങ്ങളാണ് നടന്നത്. രാവിലെ ഒമ്പത് മണി മുതൽ പത്ത് മണി വരെയുള്ള സമയത്തായിരുന്നു ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത്. ഈ ഒരു മണിക്കൂറിനുള്ളിൽ മാത്രം ഇടതടവില്ലാതെ 60 വിവാഹങ്ങൾ പൂർത്തിയായി.

അവധി ദിവസമായതിനാൽ ദർശനത്തിനെത്തിയവരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായി. ഭക്തരുടെ നിയന്ത്രണാതീതമായ തിരക്ക് പരിഗണിച്ച് ക്ഷേത്രത്തിനകത്തും പുറത്തും വൺവേ സംവിധാനമുൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയത്. തെക്കേ നടയിൽ നിന്ന് നേരിട്ട് ദീപസ്തംഭത്തിനടുത്തേക്ക് പ്രവേശനം അനുവദിക്കാതെ, മേൽപ്പത്തൂർ ഓഡിറ്റോറിയം ചുറ്റി കിഴക്കേ നടപ്പുരയിലെത്തുന്ന രീതിയിലായിരുന്നു ക്രമീകരണം.