പാലാ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം (Alumni Meet 2025), പാലാ മുൻസിപ്പൽ ചെയർപേഴ്സൺ കുമാരി ദിയ ബിനു ഉദ്ഘാടനം ചെയ്തു

പാലാ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമവും, അതോടൊപ്പം 2000 വർഷത്തിൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ ഇരുപത്തിയഞ്ചാമത് വാർഷികവും ക്യാമ്പസിൽ തണൽമരം നട്ട് ആഘോഷിച്ചു. പാലാ നഗരസഭാ ചെയർപേഴ്സൺ സ്ഥാനമേറ്റെടുത്ത കുമാരി ദിയ ബിനുവിന്റെ ആദ്യത്തെ ഉദ്ഘാടന പരിപാടികളിൽ ഒന്നായി മാറി പാലാ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഗമം.
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് എൻ. ബി. എ അക്രഡിറ്റേഷൻ നേടിയ കോഴ്സുകളോടെ, ഉന്നതമായ നിലവാരം പുലർത്തുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ പാലാ ഗവൺമെൻറ് പോളിടെക്നിക് കോളേജ് പാലായുടെ അഭിമാനമാണെന്ന് ചെയർപേഴ്സൺ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്ഥാപനം ആരംഭിച്ച വർഷം മുതൽ പല ബാച്ചുകളിലുമുള്ള പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്ത ഈ ചടങ്ങിൽ പങ്കെടുക്കുവാനും എല്ലാവരെയും കാണുവാനും സാധിച്ചതിൽ അത്യധികം സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.
ചടങ്ങിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിൻറ് ഡയറക്ടർ ശ്രീമതി. അനി എബ്രഹാം മുഖ്യ അതിഥിയായി പങ്കെടുത്തു.
പ്രിൻസിപ്പാൾ റീനു ബി ജോസ് , അലൂമിനൈ അസോസിയേഷൻ പ്രസിഡണ്ട് രാജേഷ് കെ ആർ, സെക്രട്ടറി സ്റ്റെഫിൻ ബെന്നി, ട്രഷറർ ഭാമ ദേവി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഫോൻസി പി സ്കറിയ, ഡോ. പ്രദീപ് കുമാർ പി, പുറപ്പുഴ ഗവൺമെൻറ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ ബിനു ബി. ആർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
പഠനത്തിലും പഠനേതര പ്രവർത്തനങ്ങളിലും മുന്നിൽ നിൽക്കുന്ന കുട്ടികൾക്ക്, അലൂമിനി അസോസിയേഷൻ ആദ്യകാല പ്രിൻസിപ്പാൾമാരായ ശ്രീ ബാലകൃഷ്ണ മേനോൻ, സിറിയക് ജെ കണ്ടത്തിൽ, കംപ്യൂട്ടർ വിഭാഗം മേധാവി ആയിരുന്ന മാത്തുക്കുട്ടി തോമസ് എന്നിവരുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പുകളുടെ വിതരണവും നടന്നു.
ഈ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളും, ഇപ്പോൾവിവിധ പോളിടെക്നിക് കോളേജുകളിലെ പ്രിൻസിപ്പാൾമാരായി സ്ഥാനകയറ്റം ലഭിക്കുകയും ചെയ്ത സുനിൽകുമാർ പി എം, ശ്രീകല കെ കെ എന്നിവരെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.