പുതുവർഷത്തിൽ ബാങ്കിങ് – എടിഎം നിയമങ്ങളിൽ സുപ്രധാനമായ ചില മാറ്റങ്ങളുണ്ട്. ഇപിഎഫ്ഒ 3.0 നവീകരണത്തോടെ പ്രൊവിഡന്റ് ഫണ്ട് എടിഎം വഴി എളുപ്പത്തിൽ പിൻവലിക്കാം, പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും, ഡിജിറ്റൽ പണമിടപാടിലെ തട്ടിപ്പ് ഇല്ലാതാക്കാൻ ആർബിഐയുടെ മാർഗനിർദേശങ്ങൾ എന്തെല്ലാം എന്ന് വിശദമായി അറിയാം.

2026 മാർച്ചോടെ നിലവിൽ വരുന്ന ഇപിഎഫ്ഒ 3.0 നവീകരണത്തിലൂടെ പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കൽ എളുപ്പമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അടുത്ത ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. അതോടെ ബാങ്ക് അക്കൗണ്ട് പോലെ തന്നെ പിഎഫ് അക്കൌണ്ടും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും. പിഎഫ് ഉള്ളവർക്ക് പ്രത്യേക കാർഡുകൾ നൽകും. ഇതുവഴി പിഎഫ് ബാലൻസിന്റെ 75 ശതമാനം വരെ നേരിട്ട് എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാം.
പിഎഫ് അക്കൗണ്ടുകൾ യുപിഐയുമായി ബന്ധിപ്പിക്കും. അതിനാൽ അപേക്ഷയോ തൊഴിലുടമയുടെ സാക്ഷ്യപ്പെടുത്തലോ ഇല്ലാതെ തന്നെ ബാങ്ക് അക്കൗണ്ടിലേക്ക് യുപിഐ വഴി നിമിഷങ്ങൾക്കുള്ളിൽ പണം മാറ്റാം. പിഎഫിൽ നിന്ന് പണം പിൻവലിക്കാനുള്ള പ്രക്രിയ ഇതുവരെ സങ്കീർണത നിറഞ്ഞതായിരുന്നെങ്കിൽ വൈകാതെ അത് എളുപ്പമാകും. പിഎഫിൽ നിന്ന് പണം പിൻവലിക്കുന്ന പ്രക്രിയ ഉടൻ തന്നെ വളരെ എളുപ്പമാകുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് അറിയിച്ചത്.