കൊച്ചി: സുരേഷ് ഗോപിയുടെ വിജയത്തിൽ കത്തോലിക്കാ സഭ ക്രെഡിറ്റ് എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സുരേഷ് ഗോപിയുടെ വിജയത്തിൻ്റെ ക്രെഡിറ്റ് അദ്ദേഹത്തിന് തന്നെ ഇരിക്കട്ടെയെന്നും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പാംപ്ലാനിയുടെ പ്രതികരണം.

തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് അടിസ്ഥാനമായത് ക്രിസ്ത്യൻ വോട്ടുകളാണ് എന്ന വിലയിരുത്തലിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പാംപ്ലാനിയുടെ പ്രതികരണം. ‘രാഷ്ട്രീയത്തിന് ഉപരിയായി എല്ലാവരും നോക്കി കാണുന്ന ഒരു നേതാവ് എന്ന നിലയിൽ സുരേഷ് ഗോപിക്ക് ക്രിസ്ത്യാനികൾ വോട്ട് ചെയ്തിരിക്കാം.
സിനിമാ നടനെന്ന നിലയിലും സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്നവർ ഉണ്ടാകാം. അത് കൊണ്ട് സഭ ഒന്നാകെ സുരേഷ് ഗോപിയെ പിന്തുണച്ചെന്നോ ക്രിസ്ത്യാനികൾ ഒന്നാകെ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തെന്നോ ബിജെപിയിലേയ്ക്ക് ചേർന്നുവെന്നോ വിലയിരുത്താൻ ആ വിജയം നിമിത്തമാകുന്നില്ല’ എന്നായിരുന്നു പാംപ്ലാനിയുടെ പ്രതികരണം.