പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗ് ഓഫീസിനു നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം. ലീഗ് പ്രവർത്തകർ സിപിഎം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി ഓഫിസിന് നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ലീഗ് ഓഫീസായ സിഎച്ച് സൗധത്തിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിന് പിന്നാലെ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.

ലീഗ് ഓഫിസിനു നേരെ കല്ലേറുണ്ടായതിനെ തുടർന്ന് നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു. സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞതായാണ് ലീഗ് ആരോപണം. അതേസമയം, ലീഗ് പ്രവർത്തകർ സിപിഎം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞതായി ആരോപിച്ച് സിപിഎം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഇക്കഴിഞ്ഞ രാത്രി ഒമ്പതരയോടെയാണ് സംഭവം. യുഡിഎഫ് ഇന്നലെ വിജയാഘോഷ പ്രകടനം നടത്തിയിരുന്നു. അതിനിടെ ലീഗ് പ്രവർത്തകർ തങ്ങളുടെ ഓഫീസിന് കല്ലെറിഞ്ഞതായാണ് സിപിഎം ആരോപിച്ചത്. ഇതിലുള്ള പ്രതിഷേധ പ്രകടനം നടക്കവേയാണ് ലീഗ് ഓഫിസായ സിഎച്ച് സൗധത്തിന് നേരെ കല്ലേറുണ്ടായത്. തുടർന്ന്, അക്രമികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുകയായിരുന്നു. സംഘർഷം ഒഴിവാക്കാൻ സ്ഥലത്ത് പൊലീസ് തുടരുകയാണ്.