Kerala

സിപിഐ(എം) നെ വാണിജ്യവൽക്കരിക്കുന്നതിനെതിരെ സിപിഐ(എം) പ്രവർത്തകരുടെ അതിജീവന പോരാട്ടം :ലോക്സഭാ ത്വരഞ്ഞെടുപ്പിനു ശേഷവും തുടരുന്നു

കള്ള നോട്ടു കാരനും ,
മുഴുത്ത കാട്ട്  കള്ളനും 
തിന്നു തീർക്കാനുള്ളതല്ല 
എന്റെ കൊച്ചു കേരളം 

പാണക്കാട്ടെ തങ്ങൾമാർക്കും 
സമസ്ത കേരള നായന്മാർക്കും 
ശ്രീനാരായണ ശിഷ്യന്മാർക്കും 
പാലായിലെ പാതിരിമാർക്കും 
പാലക്കാട്ടെ പട്ടൻമാർക്കും 
അടിയറ വച്ചൊരു കേരള ഭരണം 
കരുണൻ ഭരണം തുലയട്ടെ…

 1985 ൽ കോട്ടയം നഗരത്തിലൂടെ പ്രകമ്പനം മുഴക്കിപോയ ഒരു സിപിഐ എം പ്രകടനത്തിൽ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമാണിത് .അന്ന് മുഖ്യമന്ത്രി കരുണാകരനായിരുന്നു .കൂട്ടിനു കുഞ്ഞാലിക്കുട്ടിയും ;കുഞ്ഞുമാണിയും ഒക്കെ ഉണ്ടായിരുന്നു .അഴിമതി കൊടികുത്തി വാണിരുന്ന ഒരു ഭരണം.124 തവണ മുഖ്യമന്ത്രി പ്രതിച്ഛായാ ചർച്ചയ്ക്കായി ഡൽഹിയിൽ പോയകാലം അന്നാണ് ഡി വൈ എഫ് ഐ എന്ന സംഘടനാ നേരിട്ടുള്ള നിയമനങ്ങൾ ഇല്ലാതാക്കി ,നിയമനങ്ങൾ എല്ലാം പി എസ് സി വഴിയാക്കണമെന്നും ;അഴിമതിയും ദൂർത്തും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രിമാരെ വഴി തടയൽ സമരം ആരംഭിച്ചത്.

ആയിരക്കണക്കിന് ഡി വൈ എഫ് ഐ പ്രവർത്തകർ അന്ന് ലാത്തിയടിയേറ്റ് തെരുവോരങ്ങളിൽ പിടഞ്ഞു വീണപ്പോൾ അവർ ഉറക്കെ വിളിച്ചു

വെള്ളക്കൊടിയിലെ നക്ഷത്രം;
ചോരകൊടുത്ത് ചുമപ്പിച്ചവരെ 
ധീരന്മാരെ അമരന്മാരെ 
ഞങ്ങൾ നിങ്ങൾക്കേകുന്നു 
നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

അന്ന് സിപിഐഎം പ്രവർത്തകർ അഴിമതിക്കെതിരായിരുന്നു.1980 ൽ പഞ്ചാബിലെ ലുധിയാനയിൽ രൂപം കൊണ്ട ഡി വൈ എഫ് ഐ പ്രസ്ഥാനം അഴിമതിക്കെതിരേ പോരാട്ടം നടത്തി.യുവാക്കൾ കൂട്ടത്തോടെ ഡി വൈ എഫ് ഐ യിൽ ചേർന്നു.
അഴിമതിയെവിടെ കണ്ടാലും ,
അതിനെതിരായി പോരാടാൻ;
കരുത്ത് പോന്നൊരു പ്രസ്ഥാനം
ഡി വൈ എഫ് ഐ സിന്ദാബാദ്

കാലം ഏറെ കടന്നു പോയി അന്നത്തെ ഡി വൈ എഫ് ഐ പ്രവർത്തകർ ഇന്ന് സിപിഎം പ്രവർത്തകരായി .വി ശിവൻകുട്ടി മുതൽ ;കടകംപള്ളി സുരേന്ദ്രൻ വരെ ഇന്ന് മന്ത്രിമാരായി .പക്ഷെ അവരൊക്കെ അഴിമതിയുടെയും ;ധൂർത്തിന്റെയും പുത്തൻ മേഖല കണ്ടെത്തിയതല്ലാതെ ജനങ്ങൾക്ക്‌ യാതൊന്നും നേടി  കൊടുത്തില്ല .മന്ത്രി മന്ദിരങ്ങളിലേക്ക് മഗ്ദലന മറിയത്തെ ക്ഷണിക്കുന്ന ഓഡിയോ നാട്ടിലാകെ പ്രചരിക്കുമ്പോൾ പഴയ ഡി വൈ എഫ് ഐ ക്കാർ നാണിച്ചു തല താഴ്ത്തി.

സിപിഐ(എം) നെ വാണിജ്യവൽക്കരിക്കുന്നതിനെതിരെ സിപിഐ(എം) പ്രവർത്തകരുടെ അതിജീവന പോരാട്ടം :ലോക്സഭാ ത്വരഞ്ഞെടുപ്പിനു ശേഷവും തുടരുന്നു അതാണ് ലോക്സഭാ തെരെഞ്ഞെടുപ്പിനു ശേഷവും കേരളത്തിന്റെ പൊതു സ്ഥിതി.ഞങ്ങൾക്ക് ഞങ്ങളുടെ പഴയ പാർട്ടിയെ വേണം എന്നുള്ള താഴെ തട്ടിലുള്ള സിപിഐ(എം) പ്രവർത്തകരുടെ വികാരമാണ് കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിലടക്കം കണ്ടത്.കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നൽകിയ മട്ടന്നൂർ നിയമസഭാ മണ്ഡലം അടങ്ങിയ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കെ സുധാകരൻ വിജയിച്ചു.ആ വിജയത്തിൽ നിയമസഭാ തെരെഞ്ഞെടുപ്പിൽ കെ കെ ശൈലജ ക്കു ലഭിച്ച 66000 വോട്ടിനെ കവച്ചു വച്ചാണ് സിപിഐഎം പ്രവർത്തകർ 5000 ത്തിന്റെ ഭൂരിപക്ഷം മട്ടന്നൂരിൽ കെ സുധാകരന് നല്കിയത് .

തദ്ദേശ തെരെഞ്ഞെടുപ്പിൽ പ്രാദേശിക വികാരം കൂടി പ്രതിഫലിക്കുന്നതിനാൽ വീഴ്ചയുടെ ആഘാതം  കുറഞ്ഞു എന്നുമാത്രമേയുള്ളൂ.2026 ലെ നിയമ സഭാ തെരെഞ്ഞെടുപ്പിൽ വരാനിരിക്കുന്നത് ജനങ്ങളുടെ പ്രതിഷേധ സുനാമിയാണ് .ജില്ലാ പഞ്ചായത്തിന്റെയും ;തിരുവനന്തപുരം കോർപ്പറേഷന്റെയും കണക്കുകൾ പരിശോധിച്ചാൽ രാഷ്ട്രീയ വോട്ടുകൾ എങ്ങനെ തിരിഞ്ഞെന്നു മനസിലാക്കുവാൻ സാധിക്കും .സ്വർണ്ണപ്പാളി മോഷണം ജനങ്ങളുടെ ഹൃദയത്തിൽ നെരിപ്പോടായി കത്തിയെന്നതിനു വേറെ തെളിവ് വേണ്ട .സിപിഐ(എം) നേതാവ് എ പത്മ കുമാർ അന്വേഷണ സംഘത്തോട്  നടത്തിയ കുമ്പസാരത്തിൽ പറഞ്ഞത് സ്വർണ്ണം ചെമ്പാണെന്ന് രേഖയിൽ എഴുതിയത് ഞാൻ മാത്രമല്ല മറ്റ് ദേവസ്വം അംഗങ്ങളും അറിഞ്ഞു കൊണ്ട് തന്നെ .അഴിമതിയുടെ നികൃഷ്ട രൂപമാണിത് . കോട്ടയം ജില്ലയിലെ കുമരകം പോലുള്ള ജില്ലാ പഞ്ചായത്തുകൾ പോലും യു  ഡി എഫ് വെന്നിക്കൊടി നാട്ടിയത് സിപിഐ(എം) പ്രവർത്തകരുടെ അതിജീവന പോരാട്ടം എന്നൊന്ന് മാത്രമാണ് .

മുഖ്യമന്ത്രിയുടെ നീന്തൽകുളം മോഡി പിടിപ്പിക്കാൻ 30 ലക്ഷം ചിലവാക്കിയപ്പോൾ ;കറുത്ത പശുക്കൾ ഉള്ള തൊഴുത്ത് നിർമ്മിക്കുവാൻ 35 ലക്ഷം ചിലവാക്കി .ക്ലിഫ് വീടിന്റെ സുരക്ഷക്കായി രണ്ടു കോടി ചിലവാക്കി.മുഖ്യമന്ത്രിയുടെ യാത്രക്ക് അകമ്പടി പോകുവാൻ അനേക കാറുകൾ ഉപയോഗിക്കുന്നു .മുഖ്യ മന്ത്രിക്കു ഡൽഹിയിൽ ഉപയോഗിക്കുവാൻ വേറെ ഇന്നോവ കാർ വാങ്ങിക്കുമ്പോൾ ;ഈയടുത്ത നാളുകളിൽ വീണ്ടും ഒന്നേകാൽ കോടി നൽകി പുതിയ കാർ വാങ്ങിക്കുവാൻ ഒരുക്കങ്ങൾ തുടങ്ങി .റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ മീട്ടിയ നീറോ ചക്രവർത്തിയുടെ പിൻഗാമികൾ ഈ കൊച്ചു കേരളത്തിലും ജീവിക്കുന്നു എന്ന് ഏതെങ്കിലും നാട്ടുകാരൻ ചിന്തിച്ചാൽ അവരെ കുറ്റപ്പെടുത്താൻ ആവുമോ ..?

കരുണാകരൻ ഭരണത്തിൽ മന്ത്രിമാർ ചായകുടിച്ചതിന്റെയും ,ഫോൺ ചെയ്തതിന്റെയും ;ചിലവുകൾ വാർത്ത ബോർഡിൽ എഴുതി വച്ചിരുന്ന ഡി വൈ എഫ് ഐ കാർ മന്ത്രിമാരായപ്പോൾ ചിലവുകൾ കോടികളിലേക്കു ഉയർന്നു.മുഖ്യമന്ത്രി അടക്കമുള്ളവരുടെ വിദേശ യാത്രയ്ക്ക് നൂറു കോടിക്ക് മുകളിൽ ചിലവാക്കുമ്പോൾ അര വയർ നിറയ്ക്കുന്ന പട്ടിണി പാവങ്ങളുടെ ഭരണം ഇങ്ങനെയാണോയെന്നു സാധാരണ സിപിഎം പ്രവർത്തകരും ചോദിക്കുന്നതിന്റെ ബഹിർ സ്പുരണമാണ് ഈ തദ്ദേശ തെരെഞ്ഞടുപ്പിൽ കാണുന്നതും കേൾക്കുന്നതും .സിപിഐ(എം) നെ സ്നേഹിക്കുന്നവരുടെ അതിജീവന പോരാട്ടമാണ് ഈ തദ്ദേശ തെരെഞ്ഞെടുപ്പിൽ കണ്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top