കോട്ടയം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വൻ വിജയം ആവർത്തിക്കുന്നതിന് പുറമേ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ, കടുത്തുത്തി സീറ്റുകള്‍ കൂടി ഇടതുമുന്നണി പിടിച്ചെടുക്കുമെന്ന് കേരളാകോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.ഇടതു സർക്കാരിന്റെ വികസന നേട്ടങ്ങള്‍, ഇടതു മുന്നണിയുടെ കെട്ടുറപ്പ് , മികച്ച സ്ഥാനാർഥികള്‍ എന്നീ ഘടകങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വിജയഘടകമാകും. ഒറ്റക്കെട്ടാണ് ഇടതു മുന്നണി. ജനങ്ങള്‍ക്ക് സ്വീകാര്യരായ സ്ഥാനാർഥികളാണ്. യു.ഡി.എഫില്‍ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് റിബലുകളാണ് പലയിടത്തും

രണ്ടില ഒരു ചിഹ്നമല്ല അത് കെ.എം മാണിയുടെ പ്രതീകമാണ്. ഞങ്ങളെ പരിഹസിക്കുന്നവർക്ക് പണ്ട് രാഷ്ടീയഅഭയം നല്‍കിയത് ഈ രണ്ടിലയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പോടെ ജോസഫ് വിഭാഗം ചിഹ്നമായ ഓട്ടോറിക്ഷ ചെരിയുമെന്നാണ് ചിലർ പറയുന്നത്. നിരവധി പേരാണ് ജോസഫ് ഗ്രൂപ്പ് വിട്ടു വരുന്നത് അതേ സമയം മാണിഗ്രൂപ്പില്‍ കൊഴിഞ്ഞു പോക്കില്ല ഇതു ഞങ്ങളുടെ വളർച്ച തെളിയിക്കുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു.യു.ഡി.എഫില്‍ നിന്നു പുറത്താക്കിയ സാഹചര്യത്തില്‍ കഴിഞ്ഞ തവണ ആയിരത്തില്‍ താഴെ സീറ്റ് ലഭിച്ചത് ഇത്തവണ 1200 ലധികമായി. കോട്ടയത്ത് മാത്രം 470 ലധികം സീറ്റില്‍ മല്‍സരിക്കുന്നു.
കേരളാകോണ്‍ഗ്രസിന് വേരോട്ടമുള്ളിടത്ത് ശക്തിയാർജിക്കുന്നതിനൊപ്പം സി.പി.എമ്മിന് ജയിക്കാൻ കഴിയാതിരുന്ന പലയിടത്തും ഒരുമിച്ച് നിന്ന് ജയിക്കാനും സാധിക്കുന്നുണ്ട്.പാലായില്‍ മത്സരിക്കുമെന്നു മാത്രമല്ല കടുത്തുരുത്തിയും തിരിച്ചു പിടിക്കും. പാലാ വിട്ട് എങ്ങോട്ട് പോകാനാണ്. കെ.എം മാണി പാലായില്‍ കൊണ്ടുവന്ന പല വികസനപദ്ധതികളും വർഷങ്ങളായിട്ടും പൂർത്തിയാക്കാൻകഴിയാത്തത് പ്രതിപക്ഷത്തായതുകൊണ്ടാണെന്നു കുറ്റംപറഞ്ഞിരുന്നാല് പോര. നടപ്പാക്കാൻ കഴിവുണ്ടാകണം. ട്രിപ്പിള്‍ ഐ.റ്റി അടക്കം നിരവധി കേന്ദ്ര പദ്ധതികള്‍ എം.പി എന്ന നിലയില്‍ പാലായില്‍ കൊണ്ടു വരാനായത് പ്രതിപക്ഷത്തിരുന്നിട്ടാണെന്ന് ജോസ് കെ മാണി വ്യക്തമാക്കി.
