
പാലാ: സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന പാലാ ഉപജില്ലാ സ്കൂൾ കലോത്സവം അവസാന ദിവസത്തിലേക്ക്. മികച്ച കലാ പ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമായ മൂന്ന് ദിവസങ്ങൾക്കാണ് സ്കൂൾ സാക്ഷ്യം വഹിച്ചത്. ഏഴു വേദികളിലായി ജനപ്രിയ ഇനങ്ങൾ അരങ്ങേറിയത് കാണികളുടെ എണ്ണം വർദ്ധിപ്പിച്ചു. തിരുവാതിര, പരിചമുട്ട്, നാടൻപാട്ട്, മാർഗംകളി, ഒപ്പന തുടങ്ങിയവയാണ് ഇന്ന് നടന്ന പ്രധാന മത്സരയിനങ്ങൾ. പാലാക്കാർക്ക് അത്ര സുപരിചിതമല്ലാത്ത ഇരുള നൃത്തം, പണിയ നൃത്തം തുടങ്ങിയ ഗോത്ര കലകൾ കാണികളിൽ അത്ഭുതം ഉളവാക്കി. വിവിധ ഇനങ്ങളിലായി രണ്ടായിരത്തി അഞ്ചൂറിലേറേ മത്സരാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുത്തത്.
കലാമേളയ്ക്ക് തിരശ്ശീല വീഴുമ്പോൾ ആതിഥേയരായ പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നൂറ്റി അമ്പത്തിയൊന്ന് പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പാലാ സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് രണ്ടാം സ്ഥാനവും സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിന് മൂന്നാം സ്ഥാനവും എന്ന രീതിയിലാണ് നിലവിലെ പോയിൻറ് നില .
