പാലാ :പാലായങ്കം 14-അസുഖം സുഖപ്പെടാൻ ഇടവക ജനം മുട്ടിപ്പായി പ്രാർത്ഥിച്ചപ്പോൾ ലഭിച്ചത് രോഗ സൗഖ്യവും ;വീണ്ടും ജന പ്രതിനിധിയാവാനുള്ള സ്ഥാനാർഥിത്വവും.പാലാ നഗരസഭയിലെ യു ഡി എഫ് കൗൺസിലർ സിജി ടോണിക്കാണ് ഈ അസുലഭ ഭാഗ്യം ലഭിച്ചത് .

ഇത്തവണ പഴയ എട്ടാം വാർഡ് മെമ്പറായ സിജി ടോണി മത്സരിക്കുന്നില്ലെന്നു തീരുമാനിച്ചിരുന്നു .രാഷ്ട്രീയം മടുത്തിട്ടോ ;ആരോടെങ്കിലും പിണക്കമായിട്ടോ ഒന്നുമല്ല ;കെട്ടിയോനും ;കെട്ടിയോളും ഒറ്റ തീരുമാനമങ്ങു എടുത്തു.അടുത്തയാൾക്കായി സീറ്റ് വിട്ടു കൊടുക്കുക അത്ര തന്നെ .അവയിലബിൾ പോളിറ്റ് ബ്യുറോ ഒന്നും കൂടിയില്ല.വന്നു കണ്ടു കീഴടക്കി എന്ന് പറയും പോലെയായി കാര്യങ്ങൾ .ഇല്ലെന്നു പറഞ്ഞാൽ ഇല്ല അത്ര തന്നെ.
അപ്പോൾ അതാ സ്ഥാനാർത്ഥിയായി ബാബു മുകാല വരുന്നു.ഇരുവരും കൂടി പ്രഖ്യാപിച്ചു ബാബു മുകാല തന്നെ നമ്മുടെ സ്ഥാനാർത്ഥി.വോട്ടു ചോദിച്ചു ബാബു ബേബികളെയൊക്കെ കൊഞ്ചിച്ച് വീട് തോറും കയറാൻ തുടങ്ങിയതായിരുന്നു.അപ്പോഴാണ് സിജി ടോണിക്ക് അസുഖ ബാധിതയായി ആശുപത്രിയിലായത് .വികാരിയച്ചൻ പറഞ്ഞത് അനുസരിച്ച് പ്രിയ കൗണ്സിലർക്കു വേണ്ടി ഇടവകയിലെ ജനം മുട്ടിപ്പായി പ്രാർത്ഥിച്ചു.അപ്പോൾ അതാ വരുന്നു വാർത്താ.നറുക്കെടുപ്പിൽ പഴയ എട്ടാം വാർഡ് വനിതാ സംവരണം ആയിരിക്കുന്നു .കഴിഞ്ഞ തവണ വനിതാ ആയതിനാൽ ഇത്തവണ ജനറൽ ആകുമെന്ന് ഓർത്തിരുന്നപ്പോഴാണ്.ഇടവക ജനം പ്രാർത്ഥിച്ചതും ഇമ്മാനുവേൽ (ദൈവം നമ്മോടു കൂടെ )ആയി പോയതും .

ബാബു ബേബിയെ എടുത്തു കൊഞ്ചിച്ചതെല്ലാം വൃഥാവിലായി.വാർഡിലെ സിജി ടോണിയുടെ പ്രവർത്തനം എന്ന് പറഞ്ഞാൽ ജനകീയമായിരുന്നു.പെരുമ്പാമ്പ് വാർഡിലിറങ്ങിയാൽ വനം വകുപ്പ് വന്നു പെരുമ്പാമ്പിനെ പിടിച്ച് ചാക്കിൽ കെട്ടി കൊണ്ട് പോയാലെ സിജി ടോണി സ്ഥലത്ത് നിന്ന് പോകൂ.പെൻഷൻകാർക്ക് മാസ്റ്ററിങ് നിര്ബന്ധമാക്കിയപ്പോൾ എല്ലാരുടെയും വീട്ടിൽ ചെന്ന് കടലാസ് പൂരിപ്പിച്ച് വില്ലേജിൽ എത്തിച്ചു .എം എൽ എ ഫണ്ടും ,എം പി ഫണ്ടും ഒക്കെ വാങ്ങി വാർഡിൽ വികസനമെത്തിച്ചു .
നഗരസഭാ യോഗങ്ങളിലാണെങ്കിൽ തീപ്പൊരി പ്രകടനമായിരുന്നു .പുട്ടിനു പീര പോലെ മായ രാഹുലും കൂടെയുണ്ടായിരുന്നു .മീശമാധവനിലെ വാളെടുത്താൽ അങ്കക്കലി ;ചേലെടുത്താൽ സിംഹപ്പുലി ;യു ഡി എഫിന് കാവലല്ലോ ജോഓ ഓ ഓ ലി..എന്ന പാട്ട് സിജി ടോണിയെ ഉദ്ദേശിച്ചാണോ എന്ന് പോലും തോന്നി പോകും .ഭരണ കക്ഷിക്കെതിരെ എന്തേലും ആരോപണം ഉന്നയിച്ചില്ലെങ്കിൽ കൗൺസിൽ സ്ഥാനം പോകുമോ എന്ന പേടി കൊണ്ടോ എന്തോ എല്ലാ കൗൺസിലിലും ഭരണ കക്ഷിയെ ശകാരിക്കും.എന്നാൽ വാർഡിലെ കാര്യങ്ങൾ നേടിയെടുക്കുകയും ചെയ്യും.സിജി ടോണി കൗൺസിലിൽ എഴുന്നേറ്റാൽ ഭരണ പക്ഷത്തെ പലരും പറയും ആണ്ടെ തുടങ്ങി … ഒരിക്കൽ മായാ രാഹുലും ;സിജി ടോണിയും ;ആനി ബിജോയിയും ഭരണ പക്ഷത്തിനെതിരെ നിന്ന് തുള്ളി വിറച്ചപ്പോൾ ഭരണ പക്ഷത്തെ ആരും മിണ്ടിയില്ല. കൊടുംകാറ്റ് വരുമ്പോൾ പഴമുറം കൊണ്ട് തടഞ്ഞിട്ട് കാര്യമുണ്ടോ…അല്ല ഉണ്ടോന്ന് .അന്ന് സ്വതവേ സൗമ്യവതിയായ ആനി ബിജോയി കഥകളി മുദ്രകളൊക്കെ കാണിച്ചപ്പോൾ പലരും ചോദിച്ചു അല്ല പുള്ളിക്കാരി കലാമണ്ഡലത്തിൽ പോയിട്ടുണ്ടോ ..?
ഏതായാലും യു ഡി എഫിന് ഒരു കൗൺസിലർ ഉറപ്പായി എന്ന് മാത്രം പറയാം .കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ഒന്ന് മുതലുള്ള വാർഡുകളിലെ ഫല പ്രഖ്യാപനം വന്നപ്പോൾ എല്ലാ വാർഡുകളിലും എൽ ഡി എഫ് ജയിച്ചു കൊണ്ടിരുന്നു.എന്റെ പാറെ മാതാവേ എന്ന് വിളിച്ച യു ഡി എഫ് കാർ വരെയുണ്ട് പക്ഷെ സിജി ടോണിയുടെ എട്ടാം വാർഡിൽ ഫലം യു ഡി എഫിന് അനുകൂലമായി വന്നപ്പോൾ സന്തോഷത്തോടെ പലരും വിളിച്ചു പറഞ്ഞു പോയി യെന്റെ പാറെ മാതാവേ രക്ഷപെട്ടു ..ജോസഫ് ഗ്രൂപ്പ് കാരിയായ സിജി ടോണി വിജയിച്ചപ്പോൾ കോൺഗ്രസുകാർക്കായിരുന്നു ഏറെ ആഹ്ളാദം .പക്ഷെ കോൺഗ്രസിനും സീറ്റുകൾ അനവധി ലഭിച്ചപ്പോൾ ജോസഫ് ഗ്രൂപ്പ് കാരും കോൺഗ്രസുകാരും അന്ന് രാവേറെ ചെല്ലുമ്പോഴും ചെണ്ടൻ കപ്പ തിളയ്ക്കുന്ന പോലെ ചിരിച്ചു മറിഞ്ഞു.കൊച്ചിടപ്പാടി വാർഡ് സിജി ടോണിയെ പിടി കൂടി കഴിഞ്ഞു .ക്രിസ്ത്യൻ ബ്രദേഴ്‌സിലെ ഗാനം പോലെ ;ഇല്ലാ പെണ്ണെ ഞാൻ വിടില്ല ;പൊന്നെ കൊന്നാലും പൊന്നെ നിന്നെ പിടി വിടില്ല.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ