
കൊച്ചി : മൾട്ടിപ്ലക്സുകളിൽ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങൾ അനുവദനീയമ ല്ലെങ്കിൽ, സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താൻ കൊച്ചിയിലെ PVR സിനിമാസിന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവ് നൽകി.
മൾട്ടി പ്ലെക്സിൽ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങൾ കൊണ്ടുപോകുന്നത് നിരോധിച്ചതിനും, തിയേറ്ററിനുള്ളിലെ ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നു എന്നുള്ള പരാതിയിലാണ് ഉത്തരവ്.

2022 ഏപ്രിൽ മാസം പരാതിക്കാരനായ കോഴിക്കോട് സ്വദേശി ഐ. ശ്രീകാന്ത്, കൊച്ചി ലുലു മാളിൽ പ്രവർത്തിക്കുന്ന PVR സിനിമാസിൽ, KGF ചാപ്റ്റർ-2 എന്ന സിനിമയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം, പരാതിക്കാരൻ തിയേറ്ററിലെ കൗണ്ടറിൽ നിന്ന് പോപ്‌കോണും ചിക്കൻ ബർഗറും വാങ്ങി. പുറത്തുനിന്നുള്ള ഭക്ഷണം നിരോധിക്കുകയും, ഉയർന്ന വിലയ്ക്ക് തിയേറ്ററിനുള്ളിൽ നിന്ന് തന്നെ ഭക്ഷണം വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കുകയും ചെയ്യുന്നത് ഒരു ആധാർമിക വ്യാപാരരീതിയാണെന്നാണ് പരാതിയിൽ പറയുന്നത്.
പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്ന് മുൻകൂട്ടി അറിയിച്ചിട്ടുള്ളതാണെന്നും ഇത് സിനിമ കാണാൻ വരുന്ന എല്ലാവർക്കും ഒരേപോലെ ബാധക മാണെന്നും കമ്പനി വാദിച്ചു. കൂടാതെ സിനിമ കാണാൻ വരുന്നവരുടെ സുരക്ഷ, സിനിമ ഹാളിലെ ശുചിത്വം , ഭക്ഷണം എന്ന പേരിൽ ലഹരിവസ്തുക്കൾ, തീപിടിക്കുന്ന വസ്തുക്കൾ പോലുള്ളവ കൊണ്ടുവരാനുള്ള സാധ്യത എന്നിവയുമായി ബന്ധപ്പെട്ട സാധാരണവും ന്യായവുമായ ഒരു നിബന്ധനയാണ് ഇതെന്നും കമ്പനി കോടതിയിൽ ഉന്നയിച്ചു.
കൂടാതെ, ഭക്ഷണം വാങ്ങാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും, ശുദ്ധീകരിച്ച കുടിവെള്ളം സൗജന്യമായി നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
ആവശ്യത്തിന് സമയം ലഭ്യമാക്കിയിട്ടും പരാതിക്കാരൻ വേണ്ട തെളിവുകളോ സത്യവാങ്മൂലമോ ഹാജരാക്കിയില്ല എന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. പരാതിയിൽ പരാമർശിക്കുന്ന വിഷയങ്ങൾ തെളിയിക്കാനുള്ള ബാധ്യത ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം ഉപഭോക്താവിനാണെന്ന് പരാതി നിരകരിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
സിനിമ തിയേറ്റർ ഉടമകൾക്ക് പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുപോവുന്നത് വിലക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ ഉത്തരവിനെയും കോടതി പരാമർശിച്ചു.
ആവശ്യമായ തെളിവുകൾ പരാതിക്കാരൻ ഹാജരാക്കാത്തതിനാൽ പരാതി നിരാകരിച്ചെങ്കിലും
PVR സിനിമാസിൽ എല്ലാ ഉപഭോക്താക്കൾക്കും ശുദ്ധീകരിച്ച കുടിവെള്ളം തടസ്സമില്ലാതെ സൗജന്യമായി നൽകുമെന്ന് PVR സിനിമാസ് രേഖാമൂലം കോടതിയിൽ ഉറപ്പ് നൽകി.ഈ സൗകര്യം വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിർത്തണമെന്നും, സൗജന്യ കുടിവെള്ളത്തിൻ്റെ ലഭ്യമാണെന്ന് ഉപഭോക്താക്കളെ അറിയിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്നും കോടതി PVR സിനിമാസിന് നിർദ്ദേശം നൽകി.