Kerala

കാലിന്റെ ഇടയിൽ തല പിടിച്ചുവച്ച ശേഷം തേങ്ങ കൊണ്ടു പുറത്തിടിച്ചെന്നും കണ്ണിലും വായിലും കുരുമുളക് സ്‌പ്രേ അടിച്ചെന്നും പോലീസ് മർദ്ദന പരാതിയുമായി യുവാക്കൾ 

വീണ്ടും പൊലീസ് മുറ പുറത്ത്. തിരുവനന്തപുരത്ത് ആളുമാറി വീട് കയറിയത് ചോദ്യം ചെയ്ത യുവാക്കളെ പൊലീസ് അതിക്രൂരമായി മർദിച്ചെന്നാണ് പരാതി. സിഐ ഷിബു, എസ്ഐ കിരൺ എന്നിവരാണ് യുവാക്കളെ തല്ലിച്ചതച്ചത്. ചെയ്യാത്ത തെറ്റിന് പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി യുവാക്കളെ മർദിക്കുകയായിരുന്നു. തേങ്ങാകൊണ്ട് മുതുകിന് ഇടിച്ചെന്നും, കുരുമുളക് സ്പ്രൈ അടിച്ചെന്നും യുവാക്കൾ പറയുന്നു.

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു സംഭവം. മൂന്ന് യുവാക്കളെ മർദ്ദിച്ച് കളളക്കേസിൽ കുടുക്കി ജയിലിൽ അടക്കുകയായിരുന്നു. കുന്നംകുളത്തും പീച്ചിയിലും പൊലീസ് അകാരണമായി മർദ്ദിച്ച സംഭവങ്ങൾ പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണിത്. മാറനല്ലൂർ കോട്ടുമുകള്‍ സ്വദേശികളും സഹോദരങ്ങളുമായ ശരത്, ശരന്‍, സുഹൃത്ത് വിനു എന്നിവർക്കാണ് മർദ്ദനമേറ്റത്.

ഡിസംബർ 22ന് രാത്രി യുവാക്കൾ വീടിന് മുന്നിലിരിക്കുകയായിരുന്നു. ആ സമയത്താണ് നാലുപേർ അയൽവാസിയായ വിനോദിന്റെ വീടിന്റെ മതിൽ ചാടി കടന്നത് കണ്ടത്. യുവാക്കൾ ഇവരെ തടഞ്ഞുനിർത്തി കാര്യം അന്വേഷിക്കുന്നതിനിടയിൽ വീടിനുളളിൽ നിന്ന് പൊലീസ് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥൻ പുറത്തേക്ക് വന്നു.

മതിൽ ചാടിയത് മഫ്തിയിലുള്ള പൊലീസുകാരാണെന്നും കഞ്ചാവുകേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നതെന്നും യുവാക്കള്‍ അറിയുന്നത് അപ്പോഴായിരുന്നു. എന്നാൽ പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് യുവാക്കളെ ക്രൂരമാ‌യി മർദ്ദിക്കുകയും കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിന് കേസെടുക്കുകയുമായിരുന്നു.

പൊലീസുകാർ കാലിന്റെ ഇടയിൽ തല പിടിച്ചുവച്ച ശേഷം തേങ്ങ കൊണ്ടു പുറത്തിടിച്ചെന്നും കണ്ണിലും വായിലും കുരുമുളക് സ്‌പ്രേ അടിച്ചെന്നും യുവാക്കൾ ആരോപിക്കുന്നു. ‘സിഐ ഷിബു സ്വകാര്യഭാഗത്തു പിടിച്ചു വലിച്ചു സ്‌പ്രേ അടിച്ചു. ഒരു ആനന്ദം പോലെ ആസ്വദിച്ചാണ് അയാള്‍ അത് ചെയ്തത്. സിഐ കൈമുട്ട് വച്ച് പുറത്തിടിച്ചു. സിഐ മടുക്കുമ്പോള്‍ എസ്‌ഐ വരും’- യുവാക്കൾ പറഞ്ഞു.

ജയിലായതോടെ യുവാക്കളുടെ ജീവിതവും ജോലിയും പ്രതിസന്ധിയിലാകുകയായിരുന്നു. ഇവർ നിയമനടപടികൾ സ്വീകരിച്ചതിനുപിന്നാലെ സിഐ ഷിബുവും എസ്ഐ കിരണും ഒത്തുതീർപ്പിനായി എത്തിയിരുന്നുവെന്നും യുവാക്കൾ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top