Kerala

വൈകി പോയി രാജകുമാരാ …ലതിക സുഭാഷ് പറഞ്ഞു;ലതികയുടെ രാജകുമാരൻ പ്രിൻസ് ലൂക്കോസ് വിട പറയുമ്പോൾ

കോട്ടയം :കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവ് പ്രിൻസ് ലൂക്കോസിന്റെ മരണ വാർത്ത രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഞെട്ടലാണ് ഉളവാക്കിയത്.പലർക്കും വിശ്വസിക്കാനായില്ല.ട്രെയിനിൽ കുടുംബ സമേതം വേളാങ്കണ്ണിയിൽ  പോയി മാതാവിന് നേർച്ച  കാഴ്ചകൾ സമർപ്പിച്ചു മടങ്ങും വഴി തെങ്കാശിയിൽ വച്ചാണ് ഹൃദയ സ്തംഭനം   ഉണ്ടായത്.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു .

ഓർത്തിരിക്കുന്ന ഒട്ടേറെ സമരങ്ങൾക്ക് നേതൃത്വം നൽകിയ നേതാവായിരുന്നു പ്രിൻസ് ലൂക്കോസ്.ഏറ്റുമാനൂരിൽ ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിയായി രംഗത്തെത്തിയത് പെട്ടെന്നായിരുന്നു .അത് പലർക്കും ഉൾക്കൊള്ളാനായില്ല .മാണി ഗ്രൂപ്പിൽ നിന്നും ഏറ്റുമാനൂർ സീറ്റ് നേടി ജോസഫ് ഗ്രൂപ്പിൽ വന്ന പ്രിൻസിന്റെ സാദ്ധ്യതകൾ തല്ലി കെടുത്തിയത് കോൺഗ്രസ് നേതാവ് ലതികാ സുഭാഷിന്റെ വിമത സ്ഥാനാർത്ഥിത്വം ആയിരുന്നു.

ഏറ്റുമാനൂർ സീറ്റ് തനിക്കു വേണമെന്ന് ശഠിച്ച ലതിക സുഭാഷ് സീറ്റ് ജോസഫ് ഗ്രൂപ്പിന് നൽകിയപ്പോൾ വിമത സ്ഥാനാർത്ഥിയായി രംഗത്ത് വന്നത് പ്രിൻസ് ലൂക്കോസിന് ക്ഷീണം ചെയ്തു.ലതികയെ  ചെന്ന് കണ്ട പ്രിൻസിനോട് ലതിക അന്ന് പറഞ്ഞത് രാജകുമാരാ താമസിച്ചു പോയി എന്നായിരുന്നു.പ്രിൻസിനെ എന്നും ലതിക രാജകുമാരാ എന്നായിരുന്നു വിളിച്ചിരുന്നത് .അത് കേൾക്കുമ്പോൾ പ്രിൻസും ചിരിക്കും.പക്ഷെ ലതിക പ്രിൻസിന്റെ വഴി മുടക്കിയപ്പോൾ ;കാലം ലതികയുടെയും വഴി മുടക്കി.

എൻ സി പി യിൽ ചെന്ന് ചേർന്ന അവർക്ക് അവിടെയും കടുത്ത അവഗണനയാണ്  നേരിടേണ്ടി വന്നത് .രാജ്യസഭയിലേക്ക് അത്ര പ്രശസ്തയല്ലാത്ത ജെബി മേത്തർ പോയപ്പോൾ ആ  സ്ഥാനം ലതികയ്ക്കു പറഞ്ഞു വച്ചിരുന്നതാണെന്നു എത്ര പേർക്ക് അറിയാം . കെഎം മാണിയോട്  കടുരത വിശ്വസ്തത പുലർത്തിയ പ്രിൻസ് ലൂക്കോസിന് അതിൽ നിന്നും വ്യതി ചലിക്കേണ്ടതായും വന്നു.

കേരളാ കോൺഗ്രസിന്റെ സ്ഥാപക നേതാവായിരുന്ന ഒ വി ലൂക്കോസിന് രാഷ്ട്രീയത്തിൽ പ്രശസ്തനാവും മുമ്പ് മരണം അദ്ദേഹത്തെ കൊണ്ടുപോയി.പക്ഷെ മകനിലൂടെ കേരളാ കോൺഗ്രസ് പാരമ്പര്യം തുടർന്ന് കൊണ്ടിരുന്നു.അതും രംഗബോധമില്ലാത്ത കോമാളിയായി വന്നു മരണം കവർന്നെടുത്തു .കേരളാ യൂത്ത് ഫ്രണ്ട് എം പ്രസിഡന്റായിരിക്കുമ്പോൾ ചാനൽ ചർച്ചകളിൽ ഏറെ മികവും അദ്ദേഹം പുലർത്തിയിരുന്നു.

പ്രിൻസ് ലൂക്കോസിൻ്റെ ആകസ്മിക വേർപാടിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് അതീവ ദുഃഖം രേഖപ്പെടുത്തി.പാർട്ടി നേതാക്കളായ അഡ്വ. പി.സി. തോമസ്, ഫ്രാൻസീസ് ജോർജ് എം.പി, മോൻസ് ജോസഫ് എം എൽ എ , ജോയി എബ്രഹാം, തോമസ് ഉണ്ണിയാടൻ, അപു ജോൺ ജോസഫ് തുടങ്ങിയവർ അനുശോചിച്ചു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top