പാലാ:എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ സർക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ അനീതിക്കെതിരെ സെൻറ് ജോസഫ് യു .പി സ്കൂൾ വെള്ളിലാപ്പള്ളി അധ്യാപക-അനധ്യാപകർ കറുത്ത തുണികൊണ്ട് വായ മൂടികെട്ടി പ്രതിഷേധിച്ചു.

ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ അധ്യാപക നിയമനങ്ങൾ അംഗീകരിക്കാത്ത നിലപാട് പ്രതിഷേധാർഹമാണെന്നും കോടതി വിധി അനുകൂലമായിരുന്നിട്ടും നിയമനങ്ങൾ അംഗീകരിക്കാത്തത് ശരിയല്ലെന്നും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡോണ SH പറഞ്ഞു. എത്രയും വേഗം നിയമനങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുന്ന നടപടികൾക്ക് പൂർണ്ണമായ പിന്തുണ നൽകുന്നതാണ് എന്ന സ്റ്റാഫ് സെക്രട്ടറി സുജിത് തോമസ് തദവസരത്തിൽ പ്രസംഗിച്ചു . കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശ്ശേരി, വിജയപുരം രൂപതകൾ സംയുക്തമായി പ്രതിഷേധ ധർണ നടത്തുന്നതിന്റെ മുന്നോടിയായിരുന്നു സ്കൂൾതലത്തിലുള്ള പ്രതിഷേധം.
ഭിന്നശേഷി സംവരണ പ്രശ്നത്തിൽ ക്രിസ്റ്റ്യൻ മാനേജ്മെന്റുകളോടുള്ള സർക്കാരിന്റെ വിവേചനം അവസാനിപ്പിക്കുക, കോടതിവിധി നടപ്പിലാക്കുക എന്നിവയാണ് സമരത്തിലെ പ്രധാന ആവശ്യങ്ങൾ. കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും കളക്ട്രേറ്റിലേക്ക് ആഗസ്റ്റ് 23 തീയതി നടക്കുന്ന പ്രതിഷേധ ധർണയ്ക്ക് എല്ലാവിധ പിന്തുണകളും നൽകുന്നതാണ് എന്ന് അധ്യാപകർ ഒന്നടങ്കം പറഞ്ഞു.
