കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷ ഐക്യം ദൃഢമാക്കാൻ ഇൻഡ്യ മുന്നണി നേതാക്കളെ അത്താഴ വിരുന്നിന് ക്ഷണിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ വർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം പ്രതിപക്ഷ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന പതിവ് വിട്ട്, ആദ്യമായാണ് എല്ലാ നേതാക്കൾക്കുമായി രാഹുൽ വിരുന്നൊരുക്കുന്നത്.

മുന്നണിയുമായി സഹകരിക്കുന്ന പാർട്ടി നേതാക്കളെല്ലാം വിരുന്നിനെത്തുമെന്നാണ് സൂചന. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇൻഡ്യ മുന്നണിയുടെ ഐക്യത്തിനായി കോൺഗ്രസ് ഒന്നും ചെയ്യുന്നില്ലെന്ന വിമർശനം മറ്റു പാർട്ടികൾ ഉന്നയിച്ചിരുന്നു. ആം ആദ്മി പാർട്ടി മുന്നണിയുമായി അകലുകയും ചെയ്തു. ബിഹാർ വോട്ട് ബന്ദി വിഷയത്തിൽ പാർലമെന്റിനകത്തും പുറത്തും കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിന് ശക്തി കൂട്ടാനുള്ള ചർച്ചകൾ വിരുന്നിൽ നടത്തും.
ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്താനും ഇൻഡ്യ മുന്നണിയിൽ ചർച്ച നടക്കുന്നുണ്ട്.
