Kerala

പ്രവാസികൾ നസ്രാണിമാർഗ്ഗത്തിന്റെ വക്താക്കൾ: മാർ ജോസഫ് കല്ലറങ്ങാട്ട്

 

പാലാ : പാലാ രൂപതാംഗങ്ങളായ പ്രവാസികൾ നസ്രാണി മാർഗ്ഗത്തിന്റെ വക്താക്കളാണെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിലുള്ള ആഗോള പ്രവസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്.
പ്രവാസികൾ പാരമ്പര്യം കൂടെ കൊണ്ടുനടക്കുന്നവരാണ്. സഭയുടെ അടിസ്ഥാനസൗകര്യങ്ങളുടെ സംരക്ഷകരാണവർ. കുടിയേറ്റം പ്രത്യാശയുടെ അനുഭവമാണ്. ശ്രേഷ്ഠമായ പൈതൃകത്തിൽ അഭിമാനിക്കുന്നവരാണ് പ്രവാസികൾ. വിശ്വാസത്തിന്റെ ആഴവും വിശ്വാസികളുടെ എണ്ണവും വൈദികകൂട്ടായ്മയുമാണ് പ്ലാറ്റിനം ജൂബിലി നിറവിലെത്തിയ പാലാ രൂപതയുടെ മൂലധനമെന്നും മധ്യതിരുവതാംകൂറിൽ സത്യവിശ്വാസം സംരക്ഷിക്കാൻ പാലാ രൂപതയ്ക്ക് കഴിഞ്ഞിട്ടുള്ളതായും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാൾ മോൺ. ഡേ ജോസഫ് കണിയോടിക്കൽ, രൂപത ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി.ഡയറക്ടർമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, ഗ്ലോബൽ കോർഡിനേറ്റർ ഷാജിമോൻ മങ്കുഴിക്കരി, സംഗമം ജനറൽ കൺവീനർ മനോജ് പി. മാത്യു പൂവക്കോട്ട്, മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ സിവി പോൾ, സെൻട്രൽ കോർഡിനേറ്റർ ജോഷി മാത്യു, മിഡിൽ ഈസ്റ്റ് സെക്രട്ടറി രജിത് മാത്യു, കെ.ജെ ജോൺ കാരാംവേലിൽ, ലിസി ഫെർണാണ്ടസ് , ജൂട്ടസ് പോൾ, സോജിൻ ജോൺ എന്നിവർ പ്രസംഗിച്ചു.

ഡോക്യുമെന്ററി പ്രദർശനം, കലാപരിപാടികൾ എന്നിവയും നടന്നു.2018ൽ പ്രവർത്തനമാരംഭിച്ച പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ നാലാമത് ആഗോള സംഗമം സംഘാടക മികവിലും പങ്കാളിത്തത്തിലും ഏറെ ശ്രദ്ധേയമായി. 56 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളടക്കം സംഗമത്തിലെത്തി. ഇതിനോടകം പതിനാറായിരത്തോളം അംഗങ്ങളാണ് പ്രവാസി അപ്പോസ്തലേറ്റിനോട് ചേർന്ന് പ്രവർത്തിക്കുന്നത്. മിഡിൽ ഈസ്റ്റിലാണ് ഏറ്റവും ശക്തമായ പാലാ രൂപതാംഗങ്ങളുടെ സാന്നിധ്യമുള്ളത്.

പ്രവാസി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജിയകൾക്ക് സംഗമത്തിൽ സമ്മാനങ്ങൾ നൽകി. വിവിധ മേഖലകളിൽ വേറിട്ട സംഭാവന നൽകിയ വ്യക്തികളേയും കുടുംബങ്ങളേയും ആദരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top