17.5 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദനം നഷ്ടപ്പെടുത്തിയതിലൂടെ ഷോളയാർ പവർഹൗസിന് നഷ്ടമായത് 87.5 കോടി രൂപ. അഞ്ച് വർഷം മുമ്പാണ് 100 കോടി രൂപ ചെലവഴിച്ച് പവർഹൗസിന്റെ പുനരുദ്ധാരണം നടത്തിയത്. പറമ്പിക്കുളം-ആളിയാർ കരാർ നടത്തിപ്പിലെ തമിഴ്നാടിന്റെ സമ്മർദം മൂലം തിരിച്ചുപോന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അഞ്ച് വർഷം കൊണ്ട് ഇത്രവലിയൊരു നഷ്ടത്തിന് കാരണമായത്.

ഒടുവിൽ പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം ഒരു വർഷം ലഭിക്കുന്ന 12.3 ടി.എം.സി വെള്ളത്തിൽനിന്ന് 233 ദശലക്ഷം യൂനിറ്റ് വൈദ്യുതി മാത്രമേ ഉൽപാദിപ്പിക്കാവൂവെന്ന തമിഴ്നാട് തീട്ടൂരം 2024-25 ജലവർഷം (ജൂലൈ മുതൽ അടുത്ത ജൂൺ 30 വരെ) തിരുത്തി കെ.എസ്.ഇ.ബി ഉൽപാദനം 268 ദശലക്ഷം യൂനിറ്റാക്കി ഉയർത്തി. ഈ തീരുമാനം വൈകിയതുകൊണ്ട് നഷ്ടമായ വൈദ്യുത ഉൽപാദനം കണക്കാക്കുമ്പോൾ കേരള സർക്കാർ കൊടുത്ത പിഴയാണ് 87.5 കോടി രൂപ.

പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം ഒരു വർഷം കേരളത്തിന് ലഭിക്കേണ്ട 12.3 ടി.എം.സി വെള്ളം ഉപയോഗിച്ചാണ് ഷോളയാറിലെ വൈദ്യുതോൽപാദനം നടത്തേണ്ടത്. ഒരു യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ 1500 ലിറ്റർ വെള്ളമായിരുന്നു നേരത്തേ ആവശ്യം. എന്നാൽ, 2020ൽ ഷോളയാർ പവർഹൗസിന്റെ നവീകരണ ശേഷം യന്ത്രങ്ങളുടെ കാര്യക്ഷമത കൂടിയതോടെ 1320 ലിറ്റർ ജലം മതിയെന്നായി. ഇതോടെ വൈദ്യുതി ഉൽപാദനം 233 ദശലക്ഷം യൂനിറ്റിൽനിന്ന് 268 ദശലക്ഷം യൂനിറ്റായി ഉയർത്താവുന്ന സ്ഥിതിയിലെത്തി. അതുവഴി പ്രതിവർഷം മൂന്നര കോടി യൂനിറ്റിന്റെ അധിക ഉൽപാദനം സാധ്യമായിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 17.5 കോടി യൂനിറ്റ് ഉൽപാദിപ്പിച്ചിരുന്നെങ്കിൽ യൂനിറ്റിന് അഞ്ച് രൂപ നിരക്കിൽ 87.5 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമായിരുന്നു.
സമ്പൂർണ ഉൽപാദനം നടത്തിയാൽ ആറുവർഷം കൊണ്ട് മുടക്കിയ മുതൽ തിരിച്ചുലഭിക്കുമെന്നായിരുന്നു ഷോളയാർ പവർഹൗസ് നവീകരിക്കുമ്പോൾ കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ. എന്നാൽ, പുനരുദ്ധാരണവും അധിക വൈദ്യുതി ഉൽപാദനവും സംബന്ധിച്ച പുതുക്കിയ മാനദണ്ഡം തമിഴ്നാടും കേരളവും ചേർന്നുള്ള സംയുക്ത കമ്മിറ്റിയായ ജോയിന്റ് വാട്ടർ റിവർ ബോർഡ് (ജെ.ഡബ്ല്യു.ആർ.ബി) യോഗത്തിൽ അവതരിപ്പിച്ച് പാസാക്കിയെടുക്കേണ്ടതുണ്ട്. അതിനായി നവീകരണ ശേഷമുള്ള മൂന്നുവർഷം കാര്യമായി നടപടി ഉണ്ടായില്ല. 2023ൽ ഉൽപാദനശേഷി സംബന്ധിച്ച് തർക്കം ഉന്നയിച്ചപ്പോൾസംയുക്ത പരിശോധന നടത്തിയെങ്കിലും അന്തിമ റിപ്പോർട്ട് ഒപ്പിട്ട് അംഗീകരിക്കാൻ തമിഴ്നാട് വിസമ്മതിച്ചു.
2024ൽ ഇക്കാര്യം അവതരിപ്പിച്ചപ്പോൾ തമിഴ്നാട് എതിർക്കുകയും ചെയ്തു. ഈ ഭീഷണി നിലനിൽക്കേയാണ് രണ്ടും കൽപിച്ച് 2025 ജൂണിൽ സമാപിച്ച ജലവർഷത്തിൽ ഉൽപാദനം 268 ദശലക്ഷം യൂനിറ്റിലേക്ക് ഉയർത്തിയത്. വരുന്ന ജെ.ഡബ്ല്യു.ആർ.ബി യോഗത്തിൽ തമിഴ്നാട് വിഷയം ഉയർത്തിക്കൊണ്ടുവരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

