Kottayam

പാലായിൽ ഇഡ്ഡലി പ്രിയർ ഏറുന്നു ;ജനതാ കാന്റീനിൽ തിരക്കോടു തിരക്ക്

പാലാ :ഞങ്ങൾ ഇവിടെ എത്ര നേരമായി നിൽക്കുന്നു ;ഞങ്ങൾക്ക് തരാതെയാണോ പാഴ്‌സൽ കൊടുക്കുന്നത് .ഇത് കേട്ടപ്പോൾ ജീവനക്കാരി ഉടൻ പറഞ്ഞു നിങ്ങളെ പോലെ നിൽക്കുന്നവരാ അവരും അവർക്കും  കൊടുക്കേണ്ടേ  ..?പാലാ നഗരസഭയുടെ നേതൃത്വത്തിൽ കിഴതടിയൂർ ബാങ്കിന്റെ എതിർവശം പ്രവർത്തിക്കുന്ന ജനതാ കാന്റീനിലെ അകത്ത് നിന്നും എന്നും പരാതിയും പിറുപിറുക്കലും ഉയരുന്നുണ്ട്.രാവിലെ ജനതാ കാന്റീനിലെ ഇഡ്ഡലി കഴിക്കാൻ വരുന്നവരാണ് കുടുംബശ്രീ ജീവനക്കാരോട് പരാതി പറയുന്നത് .ഇഡ്ഡലിക്ക് അഞ്ച് രൂപയെ ഉള്ളൂ അതാണ് ഇവിടെ ഇത്ര തിരക്ക്.

സാധാരണക്കാരുടെ ആശ്രയമായി മാറുകയാണ് ഈ ജനത കാന്റീൻ .തൊഴിലാളികളും ;വനിതകളും വൃദ്ധരുമാണ് ഇവിടുത്തെ സ്ഥിരം ഉപഭോക്താക്കൾ .നിർമ്മാണ തൊഴിലാളികൾ പാഴ്‌സൽ വാങ്ങി കൊണ്ട് പോകുമ്പോൾ ഇഡ്ഡലി തീരും അപ്പോൾ ചെമ്പിനകത്തെ ഇഡ്ഡലിൽ കുടഞ്ഞിടും .അത് കിട്ടുമല്ലോ എന്ന് നോക്കി പ്ളേറ്റും പിടിച്ചു കൊണ്ടിരിക്കുന്നവരെ മറികടന്നു പാഴ്‌സൽ കൊടുക്കുമ്പോഴാണ് ക്യൂ വിൽ  നിൽക്കുന്നവർ പ്രതിഷേധമുയർത്തുന്നത്.നിർമ്മാണ തൊഴിലാളികൾക്ക് പാഴ്‌സലും വാങ്ങി തൊഴിലിനു പോകണം അവർക്കും ധൃതിയുണ്ട്.

ഞങ്ങളെന്തു ചെയ്യും ;ആകെ രണ്ട് ഇഡ്ഡലി ചെമ്പല്ലേ ഇവിടെയുള്ളൂ .ആകെ മൂന്ന് കുടുംബശ്രീക്കാരാണ് ഉള്ളത് .അവർക്കാണെങ്കിൽ നിന്ന് തിരിയാൻ സമയമില്ല .രാവിലത്തെ തിക്കും തിരക്കും കഴിയുമ്പോൾ ഒൻപതു മണിയാകും.ഇഡ്ഡലി എന്ന് പറഞ്ഞാൽ ആവി പറക്കുന്ന ഇഡ്ഡലിയാണ് അത് കൊണ്ട് തന്നെ ആറെണ്ണം ഒക്കെ അകത്താക്കുന്നവരും ഉണ്ട് .ഇന്നൊരു വീരൻ പറഞ്ഞത് തലേ ദിവസമേ ഓൺലൈനിൽ ബുക്ക് ചെയ്യാൻ അനുവദിക്കണം എന്നായിരുന്നു .ഉച്ചയ്ക്ക് ഊണുണ്ട് 35 രൂപാ .പക്ഷെ അതിന് വനിതകളാണ് കൂടുതലായും എത്തുന്നത് .ചോറും ,സാമ്പാറും അച്ചാറും ഒരു തോരനും ഉണ്ട് .

സാധാരണക്കാർക്ക് ആശ്രയമായ ഈ ജനതാ കാന്റീൻ എന്ന ആശയം മുൻ മുൻസിപ്പൽ ചെയർമാൻ കുര്യാക്കോസ് പടവന്റെതാണ്.അദ്ദേഹത്തിന്റെ ഉത്സാഹം കൊണ്ടാണ് പുതിയ മുൻസിപ്പൽ സ്റ്റേഡിയം വന്നത് .അന്ന് തിരുവനന്തപുരത്തിന് അദ്ദേഹം 33 തവണ ഓഫീസുകൾ കയറിയിറങ്ങി .ഓരോ പ്രാവശ്യവും പാലായിൽ നിന്നും പോയി രാത്രിയാകുമ്പോഴാണ് തിരിച്ചു വരുന്നത് .അതൊക്കെ എത്ര പേർക്കറിയാം .ജനതാ കാന്റീനിന്റെ  ഉദ്‌ഘാടനത്തിനു കെ എം മാണിയും ;ജോയി അബ്രാഹവും ;ജോസ് കെ മാണിയും ;കുര്യാക്കോസ് പടവനും ഒന്നിച്ചിരുന്നാണ് ഊണ് കഴിച്ചത് .അന്നത് കോട്ടയം മീഡിയാ റിപ്പോർട്ട് ചെയ്തിരുന്നു.

അന്ന് കുര്യാക്കോസ് പടവൻ ചെയ്ത നല്ലകാര്യത്തിന്റെ ഫലം ഇന്ന് സാധാരണക്കാർ അനുഭവിക്കുകയാണ് .ഇന്നത്തെ ഭരണാധികാരികളും ഇത് മുൻപോട്ട് കൊണ്ടുപോകുവാൻ പിന്തുണ നൽകുന്നത് കൊണ്ടാണ് ഇന്നും ഇത് സാധുക്കൾക്ക് ആശ്രയമായി മുന്നോട്ടു പോകുന്നത് .ആന്റോ ജോസ് പടിഞ്ഞാറേക്കര ചെയർമാൻ ആയിരുന്നപ്പോൾ അദ്ദേഹം ജനതാ കാന്റീനിനു ശക്തമായ പിന്തുണ നൽകിയിരുന്നു .ഇന്ന് തോമസ് പീറ്റർ വരെ ആ  പിന്തുണ തുടരുന്നു .

നല്ല പെരുമാറ്റമാണ് കുടുംബശ്രീയിലെ മൂന്നു വനിതകൾക്കും  ഉപഭോക്താക്കളോട് ഉള്ളത് .ഇടയ്ക്കു കൂട്ടത്തിൽ പ്രായമുള്ള ചേച്ചി പരിഭവിക്കും മൂന്ന് ഇഡ്ഡലി കഴിച്ചിട്ട് 500 രൂപാ കൊടുക്കുമ്പോൾ ചേച്ചിയും ഓരോന്നൊക്കെ പറയും ;ചില്ലറ കൊണ്ടുവരാതെ എങ്ങനെയാ ;ഞാനെവിടെ പോയി ചില്ലറ ഉണ്ടാക്കും.പിന്നെ എങ്ങനേലും ഒപ്പിച്ചു ചില്ലറ ഉണ്ടാക്കി കൊടുക്കും അപ്പോൾ രണ്ടു പേരുടെയും പരിഭവം തീരും .അപ്പോൾ എല്ലാവരും ഹാപ്പിയാകും .ചിലർ തന്നെ വിളമ്പി കഴിക്കുമ്പോഴും ചേച്ചി പരിഭവം പറയും ,വിളമ്പാൻ ഇവിടെ ആളുണ്ട് കേട്ടോ ..വിളമ്പി എടുത്തവർ ഒരു മൊണാലിസ ചിരിയും ചിരിച്ചോണ്ട് പോകും അത്രയേ ഉള്ളൂ ചേച്ചിയുടെ പരിഭവവും തീരും .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top