പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ ബോംബ് വച്ചെന്ന് മൊബൈൽ ഫോണിൽ വിളിച്ച് പോലീസിന് വ്യാജ അപകടസന്ദേശം നൽകിയ യുവാവിനെ ഉടനടി പിടികൂടി. സീതത്തോട് ആനചന്ത കോട്ടക്കുഴി വെട്ടുവേലിൽ വീട്ടിൽ സിനു തോമസ് (32) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 6.15 നാണ് ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും പത്തനംതിട്ട ജില്ലാ പോലീസ് ഇ ആർ എസ് എസ് കൺട്രോൾ റൂമിൽ, സ്വകാര്യ ബസ് സ്റ്റാൻഡിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ അപകടസന്ദേശമടങ്ങിയ പ്രതിയുടെ ഫോൺ വിളി എത്തിയത്.

വിവരം അറിഞ്ഞ ഉടനെ പത്തനംതിട്ട ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തിൽ പോലീസും ബോംബ് സ്‌ക്വാഡും എത്തി വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തുടർന്ന്, ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം, ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജമാക്കി. യുവാവിന്റെ ഫോൺ ലൊക്കേഷൻ സ്വകാര്യ ബസ് സ്റ്റാൻഡിന്റെ മുൻവശത്താണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ തരത്തിൽ യുവാവിനെ ഉടനടി പിടികൂടി, വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഏഴോടെ അറസ്റ്റ് രേഖപ്പെടുത്തി.


