കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2. റിലീസ് ചെയ്ത് പതിനാറ് ദിവസത്തിനുള്ളില്‍ തന്നെ ആയിരം കോടി ക്ലബില്‍ കയറിയ ചിത്രമാണ് പുഷ്പ.തീയറ്ററുകള്‍ക്ക് പിന്നാലെ നെറ്റ്ഫ്‌ലിക്‌സിലും ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാല്‍ ഹൈദരബാദിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക ചിത്രത്തെക്കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.സ്‌കൂളിലെ പകുതി കുട്ടികളെയും ചിത്രം മോശമാക്കിയെന്നാണ് അധ്യാപികയുടെ പരാതി.

ഇത്തരം സിനിമകള്‍ കുട്ടികളെ ഏത് രീതിലാണ് സ്വാധിനിക്കുന്നതെന്ന് അധ്യാപിക വിദ്യാഭ്യാസ കമ്മീഷന് നല്‍കിയ വിശദീകരണം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ‘വിദ്യാര്‍ഥികള്‍ അശ്രദ്ധമായി പെരുമാറുന്നത് കാണുമ്പോള്‍ ‘ഒരു അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍ താന്‍ പരാജയപ്പെട്ടതായി’ തോന്നുന്നുവെന്ന് അധ്യാപിക പറഞ്ഞു. ‘അവര്‍ അസഹനീയമായ ഹെയര്‍സ്‌റ്റൈലുകളുമായി സ്‌കൂളില്‍ എത്തുന്നു. അശ്ലീലമായി സംസാരിക്കുന്നു. ഞങ്ങള്‍ വിദ്യാഭ്യാസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇത് അവഗണിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രമല്ല, സ്വകാര്യ സ്‌കൂളുകളിലെയും സ്ഥിതി ഇതാണ്. ഒരു അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍, ഞാന്‍ പരാജയപ്പെടുന്നതായി എനിക്ക് തോന്നുന്നു.’ ടീച്ചര്‍ പറയുന്നു.
‘അധ്യാപിക എന്ന നിലയില്‍, വിദ്യാര്‍ഥികളെ ‘ശിക്ഷിക്കാന്‍’ എനിക്ക് തോന്നില്ല. കാരണം അത് അവരെ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് ഞാന്‍ കരുതുന്നത്. വിദ്യാര്‍ഥികളുടെ പെരുമാറ്റത്തിന് കാരണം സോഷ്യല്‍ മീഡിയയും സിനിമകളുമാണ്. ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാതാപിതാക്കളെ വിളിക്കുമ്പോഴും അവര്‍ കുട്ടികളെ ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല. ഞങ്ങള്‍ക്ക് അവരെ ശിക്ഷിക്കാന്‍ പോലും കഴിയില്ല, കാരണം അത് അവരെ ആത്മഹത്യയിലേക്ക് വരെ നയിച്ചേക്കാം. ഇതിനെല്ലാം ഞാന്‍ മാധ്യമങ്ങളെയാണ് കുറ്റപ്പെടുത്തുന്നത്. എന്റെ സ്‌കൂളിലെ പകുതി വിദ്യാര്‍ഥികളും പുഷ്പ കാരണം മോശമായി. വിദ്യാര്‍ത്ഥികളെ മോശമായി ബാധിക്കും എന്ന് ചിന്തയില്ലാതെയാണ് ആ ചിത്രത്തിന് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയത്,’ അധ്യാപിക പറഞ്ഞു.
അധ്യാപികയുടെ പ്രസംഗം വൈറലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അധ്യാപികയെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തി.

