Kerala

20 വർഷങ്ങൾക്ക് മുൻപുള്ള തന്റെ മാതാപിതാക്കളുടെ വിവാഹ സ്മരണകൾ ഓർത്തെടുക്കുവാൻ കടൽ കടന്ന് കേരളത്തിന്റെ മണ്ണിൽ യൂഷിറോ എത്തി.

 

കുമരകം: 20 വർഷങ്ങൾക്ക് മുൻപുള്ള തന്റെ മാതാപിതാക്കളുടെ വിവാഹ സ്മരണകൾ ഓർത്തെടുക്കുവാൻ കടൽ കടന്ന് കേരളത്തിന്റെ മണ്ണിൽ യൂഷിറോ എത്തി. വർഷങ്ങൾക്ക് മുൻപ് ജപ്പാനിൽ നിന്നുമെത്തി കുമരകത്തുവച്ച് വിവാഹിതരായ ഹിരേ – ചിയാക്കി ദമ്പതികളുടെ മൂത്തമകനാണ് യൂഷിറോ. കൊൽക്കത്തയിൽ വച്ചാണ് ഹിരേയും – ചിയാക്കിയും പരിചയപ്പെട്ടത്. ഫ്രീലാൻസ് ഫൊട്ടോഗ്രഫറായ ഹിരേ ഗംഗാ നദിയുടെ ചിത്രമെടുക്കാനാണ് അന്ന് കൊൽക്കത്തയിൽ എത്തിയത്.

സാമൂഹിക പ്രവർത്തകയായ ചിയാക്കി മദർ തെരേസയുടെ വീടു സന്ദർശിക്കാനും. അവിടെ നാമ്പിട്ട പ്രണയമാണ് വിവാഹത്തിലേക്ക് നയിച്ചത്. കേരളത്തനിമയിൽ ആകൃഷ്‌ടരായാണ് ഇരുവരും കുമരകത്തു വിവാഹിതരാകാൻ തീരുമാനിച്ചത്. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം കണ്ടിട്ടുള്ള ഇവർക്ക് അതുപോലെ വിവാഹിതരാകണം എന്നായിരുന്നു മോഹം. ഇരുവരുടെയും അന്നത്തെ മോഹങ്ങളും അനുഭവങ്ങളും പറഞ്ഞറിഞ്ഞ മകൻ യൂഷിറോയ്ക്ക് അത് നേരിട്ടറിയണമെന്ന അതിയായ ആഗ്രഹമാണ് അദ്ദേഹത്തെ കുമരകത്തെത്തിച്ചത്. ജപ്പാനിൽ ഹിന്ദി കൾച്ചറൽ സ്റ്റഡീസ് വിദ്യാഭ്യാസം നടത്തിവരുന്ന യൂഷിറോ ഇന്ത്യയിൽ ഒരു വർഷത്തെ ഉപരിപഠനത്തിനായി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ (ജെ.എൻ.യു) അടുത്ത മാസം പഠനം തുടങ്ങുവാനിരിക്കവെയാണ് കുമരകത്തെത്തിയത്. തന്റെ മാതാപിതാക്കളുടെ വിവാഹ ചിത്രങ്ങളും കയ്യിൽ കരുതിയാണ് യൂഷിറോ കുമരകത്തെത്തിയത്.

വർഷങ്ങൾക്ക് മുൻപ് തന്റെ മാതാപിതാക്കൾ താമസിച്ച സ്ഥലം ചിത്രങ്ങളിലൂടെ തിരിച്ചറിഞ്ഞു അന്നത്തെ വിവാഹ കർമ്മത്തിൽ സാക്ഷികളായ ആളുകളെ നേരിൽ കണ്ട് അനുഭവങ്ങൾ അന്വേഷിച്ചറിയുവാനാണ് താനെത്തിയതെന്നു യൂഷിറോ കുമരകം ടുഡേയോട് പറഞ്ഞു. ഇതിനായി അന്ന് തന്റെ മാതാപിതാക്കളെ സഹായിച്ച പള്ളിച്ചിറയിൽ ഹോട്ടൽ നടത്തുന്ന സന്തോഷിനെ തേടിയെത്തുകയായിരുന്നു.

തുടര്ന്നു തന്റെ അച്ഛന്റെ കയ്യിൽനിന്നും ലഭിച്ച കല്യാണ ചിത്രങ്ങളിൽ ഉൾപ്പെട്ട ആളുകളെ കണ്ടെത്തുന്ന ശ്രമത്തിലാണ് യൂഷിറോ. ഇതിനോടകം കല്യാണത്തിനായി തന്റെ മാതാപിതാക്കൾ കുമരകത്ത് എത്തിച്ചേർന്ന പള്ളിച്ചിറയിലെ കുരിശടിയും വിവാഹം നടന്ന പള്ളിച്ചിറയിലെ എസ്.എൻ.ഡി.പി 38 നമ്പർ ശാഖാ മന്ദിരവും യൂഷിറോ സന്ദര്ശിച്ചു. തിരികെ പോകുന്നതിനുമുമ്പ് കന്യാകുമാരിയും മറ്റു സ്ഥലങ്ങളും സന്ദര്ശിക്കുവാനാണ് യൂഷിറോയുടെ തീരുമാനം. തന്റെ മാതാ- പിതാക്കൾക്ക് കിട്ടിയ അത് സ്‌നേഹവും പരിചരണവും തനിക്കും ലഭിച്ചതിൽ സന്തോഷവാനാണ് താനെന്നു യൂഷിറോ പറഞ്ഞു.

തനിക്കു വേണ്ട സഹായങ്ങൾ നൽകിയ പറമ്പിൽ വീട്ടിൽ സന്തോഷിനും കുടുംബത്തിനും ഒപ്പംസന്തോഷ് മുണ്ടുചിറയ്ക്കും ( ഗുഡ് വിൽ) ഷിജോ ഇടവന്നലശ്ശേരിയ്ക്കും കുമരകം ടുഡേയ്ക്കും നന്ദി പറഞ്ഞു ഒപ്പം ഫോട്ടോയും എടുത്തു സന്തോഷം പങ്കുവച്ച് , വീണ്ടും തന്റെ കുടുംബവുമൊത്ത് കുമരകത്തേയ്ക്ക് വരണമെന്ന ആഗ്രഹം പങ്കുവച്ചാണ് യൂഷിറോ മടങ്ങിയത്. ഹിരേയുടെയും ചിയാക്കിയുടെയും കല്യാണം നടത്തിയതുപോലെ യൂഷിറോയുടെ വിവാഹവും കുമരകത്ത് വച്ച് നടത്തുവാൻ സ്വാഗതമോദിയാണ് സന്തോഷും കൂട്ടരും യൂഷിറോയെ യാത്രയാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top