മൂലമറ്റം: പായയിൽ പൊതിഞ്ഞ് കെട്ടിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. കൊല്ലപ്പെട്ടത് മേലുകാവ് സ്വദേശി സാജൻ സാമുവേൽ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകം നടത്തിയത് മൂലമറ്റം സ്വദേശികളാണെന്ന് പോലീസ് സംഘത്തിന് വ്യക്തമായ സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ കാഞ്ഞാർ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. സാജൻ സാമുവേൽ

വാഗമൺ സംസ്ഥാനപാതയോരത്തെ തേക്കിൻകൂപ്പിന് സമീപം ടെയിൽ റെയ്സ് കനാലിനോട് ചേർന്ന് ചെറുകാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.

ഞായറാഴ്ച രാവിലെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരം ശ്രദ്ധിച്ച നാട്ടുകാരാണ് മൃതദേഹം കണ്ടെത്തി കാഞ്ഞാർ പോലീസിനെ വിവരമറിയിച്ചത്. ഏതാനും സമയത്തിനുള്ളിൽ തന്നെ തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവൽ പോൾ, കാഞ്ഞാർ എസ്.എച്ച്.ഓ ശ്യാം കുമാർ, എസ്.ഐ ബൈജു പി. ബാബു എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി. ഏതാനും ദിവസം മുമ്പ് കാണാതായ മേലുകാവ് സ്വദേശിയാണോയെന്ന് പ്രാഥമിക പരിശോധനയിൽ സംശയം ഉയർന്നതിനെ തുടർന്ന് മേലുകാവ് പോലീസിനും വിവരം കൈമാറി.

