ഇടുക്കി : കമ്പംമെട്ട്-വണ്ണപ്പുറം സംസ്ഥാനപാതയുടെ നിര്‍മ്മാണത്തിലെ പരാതികളില്‍ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടു. 78 കോടി രൂപ മുടക്കി നിര്‍മിക്കുന്ന കമ്പംമെട്ട്-വണ്ണപ്പുറം റോഡിന്റെ നിര്‍മ്മാണത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ ഉള്ളതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലും മാധ്യമ വാര്‍ത്തകളെത്തുടര്‍ന്നുമാണ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്. സംസ്ഥാനപാതയുടെ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. തൂക്കുപാലം മുതല്‍ കല്ലാര്‍ വരെയുള്ള ഭാഗത്തെ നിര്‍മ്മാണത്തിലാണ് ഏറ്റവും അധികം പരാതികള്‍ ഉയര്‍ന്നത്. ഒടുവിലായി കഴിഞ്ഞദിവസം രാത്രിയില്‍ മുണ്ടിയെരുമയില്‍ നടത്തിയ ടാറിംഗ് 24 മണിക്കൂറിനുള്ളില്‍ പൊളിഞ്ഞതായി ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന് നിര്‍മ്മാണ പ്രവൃത്തികള്‍ നാട്ടുകാര്‍ തടസപ്പെടുത്തുകയും മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. ഇതു സംബന്ധിച്ച വാര്‍ത്തകളെത്തുടര്‍ന്നാണ് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തരമായി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. വിജിലന്‍സ് വിഭാഗം ഇന്ന് മേഖലയില്‍ പരിശോധന നടത്തും. ഇതേസമയം റോഡ് നിര്‍മാണത്തിനായി ഫണ്ടനുവദിച്ച കിഫ്ബിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. നാട്ടുകാരുടെ പരാതികളും സംഘം കേട്ടു. നിര്‍മാണ കരാര്‍ ജീവനക്കാരുടെ സാന്നിധ്യത്തില്‍ ആയിരുന്നു പരിശോധന. നാട്ടുകാര്‍ ചൂണ്ടിക്കാണിച്ച പ്രദേശങ്ങളില്‍നിന്ന് ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിച്ചു. ഈ സാമ്പിളുകള്‍ എക്സ്ട്രാക്ഷന്‍, ഗ്രഡേഷന്‍ ടെസ്റ്റുകള്‍ക്ക് വിധേയമാക്കും.
നിര്‍മ്മാണത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്നാണ് പ്രാഥമിക ടെസ്റ്റുകള്‍ക്ക് ശേഷം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. എങ്കിലും അന്തിമ റിസള്‍ട്ട് വന്നശേഷം മാത്രമായിരിക്കും സ്ഥിരീകരണം ഉണ്ടാകുക. ഇതേസമയം നാട്ടുകാര്‍ വീണ്ടും ആരോപണങ്ങളുമായി രംഗത്ത് വന്നു. കനത്ത മഴയത്ത് പോലും ടാറിംഗ് നടത്തുന്നതായും അശാസ്ത്രീയമായാണ് നിര്‍മ്മാണ പ്രവൃത്തികളെന്നും നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കാര്യങ്ങള്‍ മനസിലാക്കാതെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നിര്‍മ്മാണ കമ്പനി പ്രോജക്ട് മാനേജര്‍ അശ്വിന്‍ സുരേഷ് വ്യക്തമാക്കി. മഴയത്ത് ടാറിംഗ് നടന്നിട്ടില്ല. നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ മഴ പെയ്തിരുന്നു.
എന്നാല്‍ ഒരു മണിക്കൂറോളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. ഇതിനുശേഷം റോഡില്‍നിന്നു പൂര്‍ണമായും ജലം നീക്കം ചെയ്ത ശേഷമാണ് പ്രവൃത്തികള്‍ നടത്തിയത്. വാഹനങ്ങള്‍ കയറിയിറങ്ങിയപ്പോള്‍ ടാറിംഗ് ഇളകി മാറിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. സാധാരണ ഇത്തരത്തിലുള്ള ടാറിംഗ് ജോലികള്‍ നടക്കുമ്പോള്‍ 24 മണിക്കൂറാണ് ടാര്‍ സെറ്റ് ആകുന്നതിനുള്ള സമയം. എന്നാല്‍ ഹൈറേഞ്ചിലെ പ്രത്യേക ഭൂ പ്രകൃതിയും കാലാവസ്ഥയും മൂലം ഇത് 73 മണിക്കൂര്‍ വരെ നീളുവാനും സാധ്യതയുണ്ട്. ഉദ്യോഗസ്ഥുടെ സാന്നിധ്യത്തില്‍ മാത്രമാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. എന്നാല്‍ വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ ടാറിംഗ് ജോലികള്‍ പുനരാരംഭിക്കുകയുള്ളൂ എന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.