ഏറ്റുമാനൂർ : വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരി അമ്പനാകുളങ്ങര ഭാഗത്ത് തെക്കേവെളി വീട്ടിൽ അജ്മൽ (27) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പതിമൂന്നാം തീയതി വെളുപ്പിനെ പട്ടിത്താനം ഭാഗത്ത് താമസിക്കുന്ന വീട്ടമ്മയുടെ വീടിന്റെ വാതിൽ തകര്‍ത്ത് അകത്തുകയറി വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു.
ഇത് തടയാൻ ശ്രമിച്ച വീട്ടമ്മയുടെ സഹോദരനെയും ഇയാൾ ആക്രമിച്ചു. ഇവരുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.എസ്, എസ്.ഐ ജയപ്രകാശ്, സി.പി.ഓ മാരായ ഡെന്നി, സജി പി.സി, സെയ്‌ഫുദ്ദീൻ, അനീഷ്, സാബു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അജ്മലിന് മണ്ണഞ്ചേരി സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.