സ്വകാര്യ ബസ് സമരദിനത്തിൽ കൃത്യസമയത്ത് സ്കൂളിലെത്താൻ അതിരാവിലെ സ്റ്റോപ്പിലെത്തിയ അധ്യാപികയ്ക്ക് കെ.എസ്.ആർ.ടി.സി ബസ് നൽകിയത് കടുത്ത മാനസിക വിഷമവും സാമ്പത്തിക നഷ്ടവും. തോമാപുരം സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ രസതന്ത്രം അധ്യാപിക മിനിമോൾ സേവ്യർക്കാണ് ഈ ദുരനുഭവമുണ്ടായത്. രാവിലെ എട്ടു മണിക്ക് സ്കൂളിൽ സ്പെഷ്യൽ ക്ലാസ് ഉള്ളതിനാൽ ഏഴേകാലോടെ തന്നെ മിനിമോൾ കല്ലഞ്ചിറ സ്റ്റോപ്പിൽ എത്തിയിരുന്നു.

ഈ സമയത്താണ് ബന്തടുക്കയിൽ നിന്ന് മാനന്തവാടിയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ ബസ് വന്നത്. ബസിനുള്ളിൽ തിരക്ക് കുറവായിരുന്നിട്ടും, അധ്യാപിക കൈനീട്ടിയിട്ടും ഡ്രൈവർ വണ്ടി നിർത്താൻ തയ്യാറായില്ല. 22 കിലോമീറ്റർ അകലെയുള്ള സ്കൂളിൽ കൃത്യസമയത്ത് എത്താൻ മറ്റ് വഴികളില്ലാതെ വന്നതോടെ അധ്യാപികയ്ക്ക് വലിയ തുക ചിലവഴിച്ച് പ്രത്യേക വാഹനം വിളിക്കേണ്ടി വന്നു.
അതിരാവിലെയായതിനാൽ ബസിൽ തിരക്ക് കുറവായിരുന്നു. തനിക്കുണ്ടായ മാനസികപ്രയാസവും സാമ്പത്തികനഷ്ടവും കാണിച്ച് മിനിമോൾ മന്ത്രി സി.പി. ജോണിന് പരാതി നൽകുകയായിരുന്നു. മികവാർന്ന ടൂറിസം ബജറ്റ് പ്രവർത്തനത്തിന് കെ.എസ്.ആർ.ടി.സി. കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് പുരസ്കാരം നൽകാനെത്തിയപ്പോഴാണ് പരാതി നൽകിയത്.