ആലപ്പുഴ: സ്വർണത്തിനൊപ്പം ഇമിറ്റേഷൻ ആഭരണങ്ങൾ അണിഞ്ഞ് വിവാഹത്തിനെത്തുന്നത് വരന്റെ വീട്ടുകാർ എതിർത്തതോടെ വിവാഹത്തിൽ നിന്ന് പിന്മാറി വധു.

പൊലീസ് ഇടപെട്ട് പ്രശ്നം പരിഹാര ചർച്ച നടക്കവെയാണ് വധു വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്നറിയിച്ചത്. രണ്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്.

ആലപ്പുഴ ഹരിപ്പാടിനടുത്തുള്ള ഒരു ക്ഷേത്രത്തിൽവെച്ച് ഇന്നലെയായിരുന്നു ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്. 15 പവൻ ആഭരണങ്ങൾക്ക് പുറമെ ഇമിറ്റേഷൻ ആഭരണങ്ങളും അണിയിക്കുമെന്ന് വരന്റെ കുടുംബത്തെ വധുവിന്റെ അമ്മ അറിയിച്ചിരുന്നു.
എന്നാൽ കല്യാണത്തിന് മുൻപ് നടക്കുന്ന ‘ഹൽദി’ ചടങ്ങിൽ വെച്ച് മുക്കുപണ്ടം അണിയിച്ച് കല്യാണം വേണ്ടെന്ന തരത്തിൽ വരന്റെ വീട്ടുകാർ സംസാരിച്ചു എന്നാണ് ആരോപണം. ഇതോടെ ഇരു കുടുംബങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി.

