രാജസ്ഥാനിലെ ജയ്സാൽമീറിൽ കുടുങ്ങിയ മലയാള സിനിമ സംഘം ഉടൻ നാട്ടിലേക്ക് മടങ്ങും. ‘ഗോളം’ സിനിമയുടെ സംവിധായകൻ സംജാദിന്റെ പുതിയ ചിത്രമായ ‘ഹാഫ്’ എന്ന സിനിമയുടെ അണിയറ പ്രവർത്തകരാണ് ജയ്സാൽമീറിൽ കുടുങ്ങിയത്.

ഷെല്ലാക്രമണം ശക്തമായതിനെ തുടർന്നാണ് സിനിമ ഷൂട്ടിങ് നിർത്തിവെച്ചത്. റോഡ് മാർഗം അഹമ്മദാബാദിലെത്താനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്. അവിടെ നിന്ന് വിമാനമാർഗം കൊച്ചിയിലെത്താമെന്ന പ്രതീക്ഷയിലാണ്.

‘രാജസ്ഥാന്റെ അതിർത്തി പ്രദേശത്ത് ഏതാണ്ട് പത്ത് ദിവസമായി ചിത്രീകരണം ആരംഭിച്ചിട്ട്. ഇന്നലെ മുതൽ അപായ സൈറൺ മുഴങ്ങിയിരുന്നു. ഹോട്ടലിൽ മടങ്ങിയെത്തിയതിന് ശേഷമാണ് ഷെല്ലാക്രമണം നേരിട്ട് കണ്ടത്. നഗരം മുഴുവൻ ലൈറ്റുകൾ ഓഫ് ചെയ്തിരുന്നു. ഷെല്ലുകൾ ആകാശത്തൂടെ പോകുന്നതും ആർമി വെടിച്ചിടുന്നതും ഹോട്ടലിൽ ഇരുന്ന് കൊണ്ട് തന്നെ കാണാമായിരുന്നു.’ നടി ഐശ്വര്യ പറഞ്ഞു.

