ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സത്യസന്ധമായി നടക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൈക്കോടതി എസ്ഐടി അന്വേഷണം ഗൗരവത്തിലാണ് കാണുന്നത്. ഹൈക്കോടതി എസ്ഐടി അന്വേഷണം നിർദ്ദേശിച്ചതിനാൽ ആണ് തങ്ങൾ അതിനെ പിന്തുണച്ചത്. അന്വേഷണം മന്ദഗതിയിലായി എന്ന് ഹൈക്കോടതി ശരിവെച്ചിരിക്കുന്നു. അന്വേഷണം നന്നായി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷയെന്ന് വിഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് വഴി രണ്ടു മുതിർന്ന ഐപിഎസ് ഓഫീസർമാർ എസ്ഐടിക്കുമേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് വിഡി സതീശൻ ആരോപിച്ചു. അനാവശ്യ സമ്മർദ്ദം ചെലത്തുകയും സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പിന്മാറണം. ഇതവർ തുടർന്നാൽ ഉറപ്പായും പേര് പറയുമെന്ന് വിഡി സതീശൻ പറഞ്ഞു. എസ്ഐടിയിൽ താൻ അവിശ്വാസം രേഖപ്പെടുത്തുന്നില്ലെന്നും വൻ തോക്കുകളെ അവർ പുറത്തുകൊണ്ടുവരും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.