തിരുവനന്തപുരം: ആർ. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിയായി വിഡി സതീശൻ നാളെ ചരിത്രം കുറിക്കാനൊരുങ്ങുമ്പോൾ, കേരളം ഉറ്റുനോക്കുന്നത് കടുത്ത സാമ്പത്തിക അച്ചടക്കത്തിലേക്കുള്ള സംസ്ഥാനത്തിന്റെ ചുവടുവെപ്പുകളാണ്.

സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ ആദ്യ ബജറ്റ് വരുന്നത്.

അതുകൊണ്ടുതന്നെ, നികുതി-നികുതിയേതര വരുമാനങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം കേന്ദ്ര വിഹിതങ്ങൾ കൃത്യമായി വാങ്ങിയെടുക്കാനുള്ള തന്ത്രപരമായ പ്രഖ്യാപനങ്ങളും നാളത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാനത്തിന്റെ പ്രധാന വരുമാനസ്രോതസ്സുകളായ സ്വന്തം നികുതി, നികുതിയേതര വരുമാനം, കേന്ദ്ര വിഹിതം എന്നിവയിൽ കൃത്യമായ പുനഃക്രമീകരണം ബജറ്റിലുണ്ടാകും. ജിഎസ്ടി വിഹിതം കഴിഞ്ഞാൽ സംസ്ഥാനത്തിന് സ്വന്തമായി നികുതി കണ്ടെത്താൻ ചുരുങ്ങിയ മേഖലകൾ മാത്രമാണുള്ളത്.
ഇന്ധന നികുതി, ഭൂനികുതി, മദ്യവില, വൈദ്യുതി നിരക്ക് എന്നിവ നിലവിൽ തന്നെ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായതിനാൽ ജനങ്ങൾക്ക് മേൽ കൂടുതൽ ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങളായിരിക്കും നാളെയുണ്ടാവുക. എന്നാൽ, ഖജനാവിന്റെ അവസ്ഥ കണക്കിലെടുത്ത് ജനപ്രിയ പ്രഖ്യാപനങ്ങൾ ഏറെ ഉണ്ടാകാനും സാധ്യതയില്ല.