മുട്ടട വാര്‍ഡില്‍ വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിന് പിന്നില്‍ ആര്യാ രാജേന്ദ്രന്‍ എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.

പതിമൂന്നാം തീയതി രാത്രി മേയര്‍ നഗരസഭയില്‍ വന്നു എന്നും അവരുടെ സമ്മര്‍ദത്തിന്റെ ഫലമായി പേര് വെട്ടിച്ചു എന്നുമൊരു വാര്‍ത്ത നഗരസഭയിലുള്ള കോണ്‍ഗ്രസ് യൂണിയന്റെ ആളുകള്‍ തങ്ങളോട് സൂചിപ്പിച്ചിട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
കാര്യങ്ങളൊക്കെ അന്വേഷിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. പതിനാലാം തിയതി കാലത്ത് തന്നെ ഞങ്ങളുടെ സംഘടനയില്‍പ്പെട്ടവര്‍ സൂചന നല്‍കിയിരുന്നു. അന്നേ ദിവസം ഞങ്ങളുടെ കോര്‍പറേഷന്‍ മാര്‍ച്ചിന്റെ സമയത്ത് ഇങ്ങനെയുള്ള വാര്‍ത്തകള്‍ കിട്ടിയിട്ടുണ്ടെന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു. പക്ഷേ, പതിനാലാം തീയതി വൈകുന്നേരം പേര് വെട്ടിക്കൊണ്ടുള്ള തീരുമാനം വന്നു.

മേയര്‍ മാത്രമാണ് പിന്നിലെന്ന് കരുതുന്നില്ല. ഇന്ന് ശിവന്‍കുട്ടി ഒരു സ്റ്റേറ്റ്‌മെന്റ് ഇറക്കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയിലെ പേര് പരിശോധിക്കാതെ സ്ഥാനാര്‍ഥികളാക്കി എന്ന് പറഞ്ഞിട്ടുണ്ട്. ഇത് കണ്ടപ്പോള്‍ ശിവന്‍കുട്ടിയുള്‍പ്പടെയുള്ളവര്‍ പിറകിലുണ്ടെന്ന് സംശയമുണ്ട് – അദ്ദേഹം പറഞ്ഞു.