തിരുവനന്തപുരം: സിപിഐഎം സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നതിന് പിന്നാലെ പ്രതികരിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. ജനാധിപത്യ സംവിധാനത്തിൽ ആർക്കും ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും റെജി ലൂക്കോസിനും അതിന് സ്വാതന്ത്ര്യം ഉണ്ടെന്നും വി എൻ വാസവൻ പറഞ്ഞു.

റെജി പാർട്ടിയുടെ ഒരു പദവിയും വഹിച്ചിരുന്ന ആളല്ല. അക്കരപ്പച്ച കണ്ടു പോകുന്നവർ എല്ലായിടത്തും ഉണ്ട്. ഇത്തരം കൊഴിഞ്ഞുപോക്ക് ഇടതുമുന്നണിയെ ബാധിക്കില്ല. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ 110 സീറ്റുകൾ നേടി ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്നും വി എൻ വാസവൻ പറഞ്ഞു. വികസനവും ക്ഷേമവുമാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.