പാലക്കാട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശം സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍.

വെള്ളാപ്പള്ളി പറഞ്ഞത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും താന്‍ മറ്റൊരു പരിപാടിക്ക് വന്നതാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വെള്ളാപ്പള്ളിയെ പിന്തുണച്ചില്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ക്ക് ചര്‍ച്ചയ്ക്ക് മറ്റൊന്നുമില്ലേയെന്ന മറുചോദ്യമായിരുന്നു പ്രതികരണം.
കഴിഞ്ഞ ദിവസം കോട്ടയത്ത് വെച്ച് നടന്ന പരിപാടിയില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയിരുന്നു. കോട്ടയത്ത് കുരിശിന്റെ വഴിയേ പോകുന്നവര്‍ക്കാണ് സ്ഥാനമെന്നും ആലപ്പുഴയിലും സമാന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാലായില്‍ ക്രിസ്ത്യന്‍ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു
